ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടിടത്ത് തീപ്പിടുത്തം; വീടിനും മൊബൈല്‍ ഷോറൂമിനും തീപിടിച്ചു

By Web TeamFirst Published Nov 18, 2019, 8:36 PM IST
Highlights
  • ആലപ്പുഴ നഗരത്തില്‍ ഒരേ ദിവസം രണ്ടിടത്ത് തീപ്പിടുത്തം.
  • മണിക്കൂറുകളുടെ ഇടവേളയിലാണ് തീപ്പിടുത്തമുണ്ടായത്.

ആലപ്പുഴ: ആലപ്പുഴയിൽ രണ്ടിടത്ത് തീപ്പിടുത്തം. ആലപ്പുഴ പറവൂർ തൂക്കുകുളത്തിന് സമീപം രാവിലെ 8.20നായിരുന്നു ആദ്യ തീപ്പിടുത്തം സംഭവിച്ചത്. വാടയ്ക്കൽ കരിപുറത്ത് ചിറ മധുസുദനന്റെ വീട്ടിലായിരുന്നു സംഭവം. ഇവിടെ ഉണ്ടായിരുന്ന ഫ്രിഡ്ജിൽ നിന്നുമായിരുന്നു തീ പടർന്നത്. സംഭവത്തിൽ വീട് ഭാഗീകമായി കത്തി നശിച്ചു. ഇരുമ്പ് പാലത്തിന് സമീപമുള്ള മൈജി മൊബൈൽ ഷോറൂമിൽ രാവിലെ 10.30 -ഓടെയായിരുന്നു രണ്ടാമത്തെ തീപ്പിടുത്തം ഉണ്ടായത്. 

ആസ്ബറ്റോസ് ഷീറ്റുകൾ ഉൾപ്പടെയുള്ള വീടിന്റെ ഭാഗങ്ങൾ കത്തി നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫ്രിഡ്ജിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിക്കാനിടയായതെന്നാണ് നിഗമനം. ആലപ്പുഴയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറോളം പ്രവർത്തിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മൊബൈല്‍ ഷോറൂമില്‍ ഇവിടെയുണ്ടായിരുന്ന ജനറേറ്ററിൽ നിന്നുമാണ് തീ ഉണ്ടായത്. ഉടൻ തന്നെ ജനറേറ്റർ ഓഫാക്കി ജീവനക്കാർ പുറത്തിറങ്ങി. ഇവരെ സഹായിക്കാൻ ഫയർഫോഴ്സും നാട്ടുകാരും എത്തി. തീ വേഗത്തിൽ നിയന്ത്രണവിധേയമായത് തുണയായി.
 

click me!