മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും; ഏതു നിമിഷവും നിലംപൊത്താറായ വീട്ടില്‍ ദുരിതമനുഭവിച്ച് ഒരു കുടുംബം

By Web TeamFirst Published Jan 7, 2020, 8:37 PM IST
Highlights

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ രോഗബാധിതനായ മകനോടൊപ്പം ദുരിതമനുഭവിച്ച് നിര്‍ധന കുടുംബം. 

മാന്നാർ: തകർത്തുപെയ്യുന്ന മഴ, വീശിയടിക്കുന്ന കാറ്റ് ഇതെല്ലാം ഭീതിയാകുമ്പോൾ തന്‍റെ വീട് ഏതുനിമിഷവും നിലംപൊത്തുമെന്നുള്ള ഭയപ്പാടിലാണ് ഒരു കുടുംബം ജീവിക്കുന്നത്. മാന്നാർ പഞ്ചായത്തിൽ 15-ാം വാർഡിൽ കോയിപ്പള്ളി കിഴക്കേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (75) യുടെ കുടുംബമാണ് ദുരിതപൂർണമായി കഴിയുന്നത്. രോഗബാധിതനായ മകൻ മധു (51), മരുമകൾ ആനന്ദ (49) എന്നിവരാണ് മഴയിൽ ചോർന്നൊലിച്ച് നിലംപൊത്താറായ വീട്ടിൽ ഭീതിയോടെ കഴിയുന്നത്. പ്രളയകാലത്ത് വെള്ളം കയറി വീട് ജീർണാവസ്ഥയിലായി.

മുറിക്കുള്ളിൽ വെള്ളംകയറി വീടിന്റെ ഭിത്തിയും തറയുംപൊട്ടി. മേൽക്കൂരയുടെ കഴുക്കോലുകളും പട്ടികകളും ദ്രവിച്ച് ഓടുകൾ പൊട്ടി ചോർന്നൊലിക്കുന്നവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തകർത്തുപെയ്ത മഴയിൽ സ്ഥിതി കൂടുതൽ വഷളായി. രോഗിയായ മധുവിന് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. ഇതുതന്നെ നിത്യചിലവിനും ചികിത്സയ്ക്കുമായി തികയില്ല. വീടിനായി നിരവധി പ്രാവശ്യം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. ആകെയുള്ള മൂന്ന് സെന്റ് കിടപ്പാടത്തിൽ രണ്ടുമുറി മാത്രമാണുള്ളത്. വീടിന്റെ ശോചന്യാവസ്ഥ കാണിച്ച് കലക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്. 40 വർഷം പഴക്കമുള്ള വീട് തകർന്ന് വീണാൽ അന്തിയുറങ്ങാൻ മറ്റൊരിടമില്ല. ഭയമില്ലാതെ തലചായ്ക്കാൻ ഒരിടത്തിനായി ആരോട് ചോദിക്കണമെന്നറിയാതെ വിഷമിക്കുകയാണീ നിർധന കുടുംബം.

Read More: 15 വർഷത്തിന് ശേഷം പുലാമന്തോൾ പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചു

click me!