കാലാവധി കഴിഞ്ഞതിനെ തുടർന്ന് നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ തൂതപ്പുഴയ്ക്ക് കുറുകെയുള്ള പുലാമന്തോൾ പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചു നീക്കി.

കൊളത്തൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ തൂതപ്പുഴയ്ക്ക് കുറുകെയുള്ള പുലാമന്തോൾ പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചു നീക്കി. കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ഏഴിന് ആർബിഡിസി പിരിവ് നിർത്തിയ ടോൾബൂത്തും അനുബന്ധ ഷെഡും ഇന്ന് പുലർച്ചെയാണ് പൊളിച്ച് നീക്കിയത്.

പട്ടാമ്പി-പുലാമന്തോൾ റോഡിന്‍റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത് പൊളിച്ച് നീക്കിയത്. റോഡ് റബ്ബറൈസിംഗ് പ്രവർത്തികൾ നടന്നുവരികയാണ്. പഴയ പാലം തകർന്നതിനെ തുടർന്ന് 2002ൽ 3.47 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിൽ 15 വർഷങ്ങൾക്ക് മുമ്പ് 2004 ജൂൺ ഒന്നു മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. 15 വർഷത്തിനിടെ 13 കരാറുകാർ ടോൾ പിരിവിന്റെ കരാർ കൈമാറ്റം ചെയ്തു. പലപ്പോഴായി പല യുവജന സംഘടനകളും ഈ ടോൾ പിരിവിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. 15 വർഷം പൂർത്തിയാക്കിയ ശേഷമാണ് പാലത്തിലെ ടോൾ പിരിവ് നിർത്തിവെച്ചത്.

Read More: ടെമ്പോ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേർ അറസ്റ്റിൽ