
കൊച്ചി: വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുടമസ്ഥനും കൂട്ടാളിയും പിടിയിലായി. ആലുവ തൈക്കാട്ടുകര വിടാക്കുഴ നംബാട്ടുനട വീട്ടിൽ അലിയാരുടെ മകൻ നസീർ എൻ. എ (43), അസം നാഗൌൺ ഗുരുബന്ധ ബക്കർ അലിയുടെ മകൻ ഫോജോർ അലി (23) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ നസീറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.
നസീറും ഇയാള്‍ നോര്‍ത്ത് കളമശ്ശേരിയില്‍ നടത്തിവരുന്ന ഫ്രൂട്ട്സ് സ്റ്റാളിലെ ജോലിക്കാരനായ അസം സ്വദേശിയായ ഫോജോര്‍ അലിയും പരാതിക്കാരനായ മുഹമ്മദ് അസ്കർ താമസ്സിക്കുന്ന വാടക വീട്ടിലെത്തി വാടക കുടിശ്ശിക ആവശ്യപ്പെടുകയും വാടക തന്നില്ലെങ്കില്‍ ഉടന്‍ തന്നെ വാടക വീട് ഒഴിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീടൊഴിയുവാന്‍ സാവകാശം ചോദിച്ച മുഹമ്മദ് അസ്കറിനെ ഇവര്‍ തള്ളി മാറ്റി വീടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ പുറത്തേക്കെറിയുകയും, ഇത് തടയുവാനെത്തിയ മുഹമ്മദ് അസ്കറിനേയും ഭാര്യയായ ജാസ്മിനെയും മകനായ ഷറഫുദ്ദീനേയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്ന് നസീര്‍ മുറ്റത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട കൊണ്ട് മുഹമ്മദ് അസ്കറിന്റെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
രക്തം വാര്‍ന്ന് അവശനിലയിലായ മുഹമ്മദ് അസ്കറിനെ വീട്ടുകാര്‍ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും നസീറും കൂട്ടാളിയും ചേര്‍ന്ന് ഇവരെ തടഞ്ഞു നിർത്തി. തുടർന്ന് വിവരം അറിഞ്ഞു പൊലീസ് സംഘം എത്തുന്നതിന് മുൻപ് തന്നെ നസീറും കൂട്ടാളിയും സംഭവ സ്ഥലത്തു നിന്ന് കടന്ന് കളയുകയായിരുന്നു. പൊലീസ് പരിക്കേറ്റ മൂവരേയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്കറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പ്രതികൾക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജിന്റെ പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇൻസ്പെക്ടർ വിപിൻദാസിന്റെ നിർദ്ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ വിനോജ്, പ്രദീപ് കുമാര്‍ പൊലീസുകാരായ വിനോദ്, ശരത് ലാൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam