കൊവിഡ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു; ജീവതം വഴിമുട്ടി രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളും

By Web TeamFirst Published Jun 24, 2021, 5:25 PM IST
Highlights

അമ്മയില്ലാത്ത മക്കളും പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത പ്രകാശനും വീണ്ടും പ്രതിസന്ധിയിലേക്ക്‌ വഴുതി വീണിരിക്കുകയാണ്‌.

ഹരിപ്പാട്‌: രോഗബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും മക്കള്‍ക്കും താങ്ങായിനിന്ന വീട്ടമ്മയുടെ ജീവന്‍ കൊവിഡ് എടുത്തതോടെ  ജീവിതവഴിയില്‍ വിറങ്ങലിച്ച്‌ കുടുംബം. കോതേരി കോളനിയില്‍ പ്രകാശിന്റെ ഭാര്യ സന്ധ്യ(40)യാണ്‌ കഴിഞ്ഞ ദിവസം കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഇതോടെ കുടുംബത്തിന്റെ തണല്‍ ഇല്ലാതായി. 

പത്തുവയസുകാരിയായ ഐശ്വര്യ, ആറ് വ.യസുകാരി അവന്തിക, മൂന്ന് വയസുകാരനായ ആദിദേവ്‌ എന്നീ മൂന്നു മക്കള്‍ക്കും രോഗിയായ ഭര്‍ത്താവ്‌ പ്രകാശിനും ജീവിതത്തില്‍ വെളിച്ചമായി നിന്നത്‌ സന്ധ്യയായിരുന്നു. പ്രകാശിന്‌ കാലിന്‌ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ജോലിയ്‌ക്ക്‌ പോകാനാവാതെ വീട്ടില്‍ തന്നെ കിടപ്പിലാണ്.  ഏറെ ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന്റെ ദുരവസ്‌ഥ കണ്ട് ഹരിപ്പാടുള്ള  'കരുതല്‍ ഉച്ചയൂണ്‌ കൂട്ടായ്‌മ'  പ്രകാശിന്‍റെ കുടുംബത്തിനായി ചലഞ്ച്‌ സംഘടിപ്പിച്ച്‌ പണം നല്‍കിയിരുന്നു.

കുടുംബത്തിന്‍റെ ദുരവസ്ഥ അറിഞ്ഞ് രമേശ്‌ ചെന്നിത്തല എംഎല്‍എ ഇവര്‍ക്ക്‌ ഒരു ലക്ഷം രൂപ നല്‍കി. ഇങ്ങനെ കുടുംബം കരകയറി വരുമ്പോഴാണ്‌ കൊവിഡ്‌ സന്ധ്യയുടെ ജീവിതം കവര്‍ന്നത്‌. ഇതോടെ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ ദയനീയമായി. അമ്മയില്ലാത്ത മക്കളും പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത പ്രകാശനും വീണ്ടും പ്രതിസന്ധിയിലേക്ക്‌ വഴുതി വീണിരിക്കുകയാണ്‌.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!