ജീവനുകള്‍ കവര്‍ന്ന് വയനാട്ടിലെ അശാസ്ത്രീയ വൈദ്യുതി വേലികള്‍; പ്രതിഷേധം ഉയരുന്നു

By Web TeamFirst Published Jun 24, 2021, 12:27 PM IST
Highlights

മുത്തങ്ങക്കടുത്തുള്ള കല്ലൂരില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം സംഭവിച്ചത് പ്രദേശത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 

സുല്‍ത്താന്‍ബത്തേരി: കൃഷിക്കാര്‍ പ്രത്യേകമായി കൃഷിയിടത്തിലൊരുക്കുന്ന അശാസ്ത്രീയ വൈദ്യുതി വേലികള്‍ക്കെതിരെ പ്രതിഷേധം. കൃഷിയിടത്തിലെത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ സ്ഥാപിക്കുന്ന വൈദ്യുതി വേലികള്‍ മനുഷ്യ ജീവന്‍ അപഹരിക്കുന്നത് തുടക്കഥയായതോടെയാണ് പലരും ഇതിനിതരെ രംഗത്തുവന്നിരിക്കുന്നത്. പലരും വനംവകുപ്പിന്റെ അനുമതി കൂടാതെയാണ് ഇത്തരം വേലികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. 

മുത്തങ്ങക്കടുത്തുള്ള കല്ലൂരില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം സംഭവിച്ചത് പ്രദേശത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കല്ലൂര്‍ തിരുവണ്ണൂര്‍ കുന്നുമ്മല്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാം (27) ഈ മാസം ഏഴിനാണ് മരിച്ചത്. അനധികൃതമായി നിര്‍മിച്ച വേലിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെയായിട്ടും ഒരാള്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. വേലി സ്ഥാപിച്ചെന്ന് പറയുന്ന സ്വകാര്യ വ്യക്തി ഇപ്പോഴും ഒളിവിലാണ്. മരിച്ച യുവാവിന്റൈ ബന്ധുക്കളും നാട്ടുകാരും ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരി പോലീസിനെ സമീപിച്ചിരുന്നു. 

എന്നാല്‍ പ്രതി ഒളിവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് യുവാവിന്റെ ബന്ധുവും നാട്ടുകാരനുമായ മൊയ്തീന്‍ കുന്നുമ്മല്‍ പറഞ്ഞു. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വയനാട്ടില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലൂര്‍ തോട്ടമൂലയിലും സമാനരീതിയില്‍ മരണം നടന്നതായി നാട്ടുകാര്‍ പറയുന്നു. 2020 ഫെബ്രുവരിയില്‍ മാനന്തവാടിയില്‍ ആദിവാസി യുവതി വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. അനധികൃതമായി സ്ഥാപിച്ച വേലി മാറ്റി തെളിവ് നശിപ്പിക്കാന്‍ സ്ഥലമുടമ അടക്കമുള്ളവര്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ സ്ഥലമുടമ കളപ്പുരക്കല്‍ ജിനുജോസഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പൂതാടി പഞ്ചായത്തിലെ തൂത്തിലേരിയില്‍ ആദിവാസി യുവാവും കര്‍ഷകന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. 

2016-ല്‍ പൂതാടി പഞ്ചായത്തിലെ തന്നെ അതിരാറ്റുകുന്നില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റായിരുന്നു. അനധികൃതമായി സ്ഥാപിക്കുന്ന വേലിയില്‍ നിന്നും ഷോക്കേറ്റ് അപകടങ്ങളുണ്ടായാല്‍ വലിയ കേസുകളാണ് കാത്തിരിക്കുന്നതെന്ന് അറിയാത്തവരല്ല വയനാട്ടിലെ കര്‍ഷകരെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. പലരും കൃഷിയിറക്കാത്ത ഇടങ്ങളില്‍ പോലും വേലി സ്ഥാപിക്കുന്നത് വന്യമൃഗങ്ങളെ വേട്ടയാനാണെന്ന ആരോപണവും ഉണ്ട്. വനംവകുപ്പിന്റെ അനുമതിയോടെ ശാസ്ത്രീയമായാണ് വേലി നിര്‍മിക്കുന്നതെങ്കില്‍ ഷോക്കടിച്ചാലും മരണം സംഭവിക്കില്ല. 

എന്തെങ്കിലും തരത്തിലുള്ള വസ്തു വേലിയില്‍ തട്ടുന്നമാത്രയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും.  പിന്നീട് അല്‍പം സമയം കഴിഞ്ഞ് മാത്രമെ വേലിയിലൂടെ വൈദ്യുതി പ്രവഹിക്കൂ. മാത്രമല്ല മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും വേലിയില്‍ സ്ഥാപിക്കുകയും വേണം. ഇത്തരത്തില്‍ ഒന്നുമില്ലാത്ത വേലികളില്‍ നിന്ന് ഷോക്കേറ്റാണ് വയനാട്ടിലെ മിക്ക മരണങ്ങളും ഉണ്ടായിട്ടുള്ളത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം വനംവകുപ്പിന്റെ പ്രതിരോധമുണ്ടായിരിക്കെയാണ് മാന്‍, പന്നി തുടങ്ങിയ മൃഗങ്ങളെ തടയാന്‍ കൃഷിക്കാര്‍ സ്വന്തം നിലക്ക് വേലികള്‍ സ്ഥാപിക്കുന്നത്. ഇവയില്‍ അനധികൃതമായത് കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

click me!