കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; മലപ്പുറത്ത് ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

Published : Jul 31, 2025, 04:00 PM IST
Hridyam Scheme

Synopsis

ജന്മനാ ഹൃദയ വൈകല്യമുള്ള ജില്ലയിലെ 1852 കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഹൃദ്യം പദ്ധതി. ഈ വര്‍ഷം മാത്രം 64 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.

മലപ്പുറം: ജന്മനാ ഹൃദയ വൈകല്യമുള്ള ജില്ലയിലെ 1852 കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഹൃദ്യം പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ഈ വര്‍ഷം മാത്രം മലപ്പുറം ജില്ലയിലെ 64 കുട്ടികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഒരു വയസ്സിന് താഴെയുള്ള 956 കുട്ടികളും ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള 187 കുട്ടികളും രണ്ടിനും അഞ്ചിനുമിടയിലുള്ള 354 കുട്ടികളും അഞ്ചുവയസ്സിനുമുകളില്‍ പ്രായമുള്ള 355 കുട്ടികളുമാണ് ജില്ലയില്‍ ഹൃദ്യം പദ്ധതിയുടെ കരുതലിന് വിധേയമായത്. ഈ വര്‍ഷം 237 കുട്ടികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ജനന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലുള്ള പരിശോധന, ഗൃഹസന്ദര്‍ശനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധന, അങ്കണവാടികളിലും സ്‌കൂളുകളിലും നടത്തുന്ന ആര്‍.ബി.എസ്.കെ സ്‌ക്രീനിംഗ് എന്നിവ വഴിയാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിംഗിന് വിധേയരാക്കും. ശിശുരോഗവിദഗ്ധരുടെ സഹായത്തോടെ എക്കോ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തി ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുകയാണ് ആദ്യപടി. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതി വഴി സേവനം ലഭിക്കും. ഇത്തരത്തില്‍ ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

വ്യക്തികള്‍ക്ക് സ്വന്തമായി രജിസ്‌ട്രേഷന്‍ നടത്താം. കൂടാതെ എല്ലാ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലും (ഡി.ഇ.ഐ.സി) രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലോഗിന്‍ ഐഡികള്‍ നല്‍കിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിനെ പരിശോധിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്‌ട്രേഷന്‍ നടത്താനും പദ്ധതിയില്‍ സാധിക്കും.

ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം അതിന്റെ വിശദാംശങ്ങള്‍ അതത് ആശുപത്രികള്‍ക്ക് ലഭ്യമായ ലോഗിന്‍ ഐഡി വഴി സോഫ്റ്റ് വെയറില്‍ ചേര്‍ക്കാം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ) നഴ്‌സുമാര്‍ വഴിയാണ് കുട്ടികളുടെ ഫീല്‍ഡ് തല ഫോളോ അപ്പ് നടത്തുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി ലിസ്സി ഹോസ്പിറ്റല്‍, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളെയാണ് പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭയന്ന് സഞ്ചാരികൾ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നു; കുടുങ്ങിയവരെ നാട്ടുകാർ രക്ഷിച്ചു
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം