
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വൻ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്ര വലിയ തുകയുമായി രണ്ട് പേർ പിടിയിലാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam