കനത്ത മഴയിൽ വ്യാപകമായ കൃഷി നാശം; ലക്ഷങ്ങളുടെ നഷ്ടം

By Web TeamFirst Published Oct 25, 2019, 7:31 PM IST
Highlights

ഒരേക്കറിന് 17,000 രൂപ വരെ ചെലവിട്ടാണ് കൃഷി ചെയ്തത്. ഇതിനിടയിൽ നെല്ലിന് മുഞ്ഞ രോഗം ബാധിച്ചപ്പോൾ അഞ്ചു തവണ മരുന്നടിച്ചതിനാൽ ഈയിനത്തിലും കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്

അമ്പലപ്പുഴ: കനത്ത മഴയിൽ വ്യാപകമായ കൃഷി നാശമുണ്ടായതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം നാനേകാട് പാടശേഖരത്താണ് കൃഷിനശിച്ചത്. 40 ഏക്കറുള്ള ഇവിടെ 15 ഓളം ചെറുകിട കർഷകരാണുള്ളത്. ഒരേക്കറിന് 17,000 രൂപ വരെ ചെലവിട്ടാണ് കൃഷി ചെയ്തത്.

ഇതിനിടയിൽ നെല്ലിന് മുഞ്ഞ രോഗം ബാധിച്ചപ്പോൾ അഞ്ചു തവണ മരുന്നടിച്ചതിനാൽ ഈയിനത്തിലും കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. ഏതാനും ദിവസം മുമ്പുണ്ടായ കനത്ത മഴയിൽ 20 ഏക്കറിലധികം നെല്ലാണ് താഴെ വീണു കിടക്കുന്നത്. ഇത് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാൻ ബുദ്ധിമുട്ടാണെന്നാണ് കർഷകർ പറയുന്നത്.

ഒരു മണിക്കൂർ കൊയ്യാൻ 1,800 രൂപയാണ് വാടക. താഴെ വീണു കിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ ഇതിലും കൂടുതൽ തുക ചെലവാകുമെന്ന ആശങ്കയാണ് കർഷകർക്ക്. ഇത് കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.

click me!