
മാവേലിക്കര: കച്ചവടം നിർത്തിയ സ്ഥാപനത്തിന് ഭീമമായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നതിനെത്തുടർന്ന് യുവവ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചു. പല്ലാരിമംഗലം തോണ്ടുകണ്ടത്തിൽ ജീവൻ (37) ആണ് അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ പുന്നംമൂട്ടിൽ സായിശ്രീ കൃപ എന്ന പേരിൽ പതഞ്ചലിയുടെ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തിയിരുന്നു.
ഇവിടേക്ക് വന്ന സാധനങ്ങൾ മാസങ്ങൾക്ക് മുമ്പ് ചെക്ക് പോസ്റ്റിൽ വെച്ച് നികുതി അടച്ചത് കുറവാണെന്ന് കണ്ടെത്തി തടഞ്ഞുവെക്കുകയും 90,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. പിഴ അടച്ച് കേസ് തീർത്തെങ്കിലും സാധനങ്ങൾ തിരികെ ലഭിച്ചപ്പോൾ ഉത്പന്നങ്ങൾ വിൽപ്പന നടത്താൻ കഴിയുന്ന തീയതി കഴിഞ്ഞിരുന്നു.
ഇതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായ ഇയാൾ വ്യാപാരം നിർത്തുകയും ഈ കടയിൽ ജനസേവ കേന്ദ്രം ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് 69, 000 രൂപകൂടി പിഴ അടയ്ക്കണമെന്ന് നോട്ടീസ് വന്നതാണ് ജീവനെ തളർത്തിയത്. സ്ഥാപനം നിർത്തിയ വിവരം സെയിൽസ് ടാക്സ് ഓഫീസിൽ നടന്ന ഹിയറിംഗിൽ ജീവൻ അറിയിച്ചെങ്കിലും പിഴ അടയ്ക്കണമെന്ന നിലപാട് അധികൃതർ തുടർന്നതോടെ ഇയാൾ മാനസിക പ്രതിസന്ധിയിലായിരുന്നു.
ഇന്ന് തൈറോയ്ഡിനും കൊളസ്ട്രോളിനും ഉപയോഗിക്കുന്ന 150ഓളം ഗുളികകൾ ഒന്നിച്ച് കഴിച്ചാണ് ജീവൻ ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam