
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തിച്ചു. 1500 ലിറ്റർ ശേഷിയുള്ള വാർപ്പിലാണ് ഇനി പായസം തയ്യാറാക്കുക. പ്രതിദിനം അമ്പലപ്പുഴ പാൽ പായസത്തിന് ആവശ്യക്കാർ വർധിച്ചതോടെയാണ് പുതിയ വാർപ്പ് എത്തിച്ചത്. പാൽപായസത്തിന്റെ വില വർധനവും ഉടൻ പ്രാബല്യത്തിൽ വരും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 225 ലിറ്റർ പാൽപ്പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ആവശ്യക്കാർ കൂടിയതോടെയാണ് ഇത് 350 ലിറ്ററാക്കാനുള്ള തീരുമാനം. ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഭീമൻ വാർപ്പ് എത്തിച്ചത്. മാന്നാർ സ്വദേശി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് വെള്ളോട് കൊണ്ടുള്ള 1810 കിലോയുള്ള വാർപ്പ് നിർമിച്ചത്.
28,96,000 രൂപയാണ് ചിലവ്. ചിങ്ങം 1 മുതൽ പാൽപ്പായസത്തിന്റെ വിലവർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിടപ്പള്ളിയുടെ അറ്റകുറ്റപ്പണി വൈകിയതു മൂലം വാർപ്പ് എത്തിക്കാൻ വൈകി. ഇതോടെ വില വർധനയും മാറ്റിവെക്കുകയായിരുന്നു. വർഷങ്ങളായി ഒരു ലിറ്റർ അമ്പലപ്പുഴ പാൽപായസത്തിന്റെ വില 160 രൂപയാണ്. ഇത് 260 രൂപയിലേക്ക് ഉയർത്തും. പുതിയ വാർപ്പിൽ പാൽപായസ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം വില വർധനയും നടപ്പാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam