
ആലപ്പുഴ: മൂല്യനിർണയത്തിനായി കൊണ്ടു വന്ന ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കായംകുളം എം എസ് എം കോളേജിലെ അധ്യാപികയുടെ വീട്ടിൽ വച്ച് കത്തിനശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സർവകലാശാലാ രജിസ്ട്രാറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബി എസ് സി രസതന്ത്രം പരീക്ഷയുടെ 38 ഉത്തര കടലാസുകളാണ് മൂല്യ നിർണയത്തിനിടയിൽ തീപിടിച്ചത്. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലാണ് മൂല്യനിർണയം നടത്തുന്നത്. വീട്ടിൽ ടേബിൾ ലാമ്പിന്‍റെ വെളിച്ചത്തിൽ ഉത്തര കടലാസ് പരിശോധിക്കുന്നതിനിടയിൽ ആഹാരം കഴിക്കാനായി മുറിവിട്ട് പോയപ്പോഴാണ് ഉത്തര കടലാസിന് തീ പിടിച്ചതെന്ന് അധ്യാപിക പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam