പട്ടികജാതിക്കാരിയായ മിശ്രവിവാഹിതയ്ക്ക് ജോലി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Jan 17, 2019, 1:17 AM IST
Highlights

മിശ്രവിവാഹിതയും പട്ടിക ജാതിക്കാരിയുമായ വനിതക്ക് സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, ജാതിസംവരണം, വയസ്, മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി ജോലി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.

കോഴിക്കോട് : മിശ്രവിവാഹിതയും പട്ടിക ജാതിക്കാരിയുമായ വനിതക്ക് സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, ജാതിസംവരണം, വയസ്, മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി ജോലി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫിസര്‍ക്കും എംപ്ലോയ്മെന്‍റ് ഡയറക്റ്റര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. 

കോഴിക്കോട് ചേവായൂര്‍ മണക്കാട്ടുകുഴിയില്‍ എം.കെ. ഷൈലജക്ക് ജോലി നല്‍കണമെന്നാണ് ഉത്തരവ്. 1992 ല്‍ കോഴിക്കോട് എംപ്ലോയ്മെന്‍റ് ഓഫിസില്‍ പരാതിക്കാരി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പട്ടികജാതിക്കാരിയായ പരാതിക്കാരി മറ്റൊരു സമുദായത്തിലുള്ള വ്യക്തിയെ 1995 ല്‍ വിവാഹം കഴിച്ചു. മിശ്രവിവാഹിതയാണെന്ന സര്‍ട്ടിഫിക്കേറ്റ് എംപ്ലേയ്മെന്‍റ് എക്സ്ചേഞ്ചില്‍ നല്‍കിയെങ്കിലും 46 വയസായ തനിക്ക് ജോലി നല്‍കിയില്ലെന്ന് ഷൈലജ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിക്കാരി പത്താംക്ലാസ് പാസായിട്ടില്ലെന്ന വിശദീകരണമാണ് കോഴിക്കോട് എംപ്ലോയ്മെന്‍റ് ഓഫീസര്‍ ഹാജരാക്കിയത്. വയസിളവ് നല്‍കിയാല്‍ പോലും പ്രായപരിധി കഴിഞ്ഞുപോയെന്നും ഓഫീസര്‍ അറിയിച്ചു. എന്നാല്‍ തന്‍റെ പ്രായവും മിശ്രവിവാഹിതയാണെന്ന രേഖയും രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൃത്രിമം നടന്നതായി പരാതിക്കാരി ആരോപിച്ചു. മിശ്രവിവാഹിതയാണെന്ന കാര്യം 2000 മാര്‍ച്ച് 1 ന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ അറിയിച്ചെങ്കിലും 2006 മേയ് 26 ന് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് മിശ്രവിവാഹിതര്‍ക്കുള്ള ആനുകൂല്യം അട്ടിമറിക്കാന്‍ വേണ്ടിയാണ്. പരാതിക്കാരിക്ക് അര്‍ഹതപ്പെട്ട നിയമനം കിട്ടാതെ പോയിട്ടുണ്ടെന്ന പരാതി പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 
 

click me!