ഗോശ്രീ പാലങ്ങളിൽ വഴിവിളക്കുകൾ കത്തുന്നില്ല; റാന്തൽ വിളക്ക് കത്തിച്ച് പ്രതീകാത്മകസമരം

By Web TeamFirst Published Feb 16, 2019, 12:09 PM IST
Highlights

പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഗോശ്രീപാലങ്ങൾ  ഗതാഗതത്തിന് തുറന്നുകൊടുത്തത്. ആദ്യത്തെ രണ്ടുവർഷം മാത്രമാണ് മൂന്ന് പാലങ്ങളിലേയും വഴിവിളക്കുകൾ തെളിഞ്ഞത്

കൊച്ചി: എറണാകുളം ഗോശ്രീ പാലങ്ങളിലെ വഴിവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രതിഷേധം.  ജിഡ ഓഫീസിന് മുന്നിൽ റാന്തൽ വിളക്ക് തെളിയിച്ചായിരുന്നു സമരം.

വൈപ്പിൻ ദ്വീപുകളേയും എറണാകുളത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങൾ പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ആദ്യത്തെ രണ്ടുവർഷം മാത്രമാണ് ഈ മൂന്ന് പാലങ്ങളിലേയും വഴിവിളക്കുകൾ തെളിഞ്ഞത്. കണ്ടെയ്നർ റോഡിന്‍റെ നിർമ്മാണത്തിനായി അന്ന് റോഡ് വെട്ടിപ്പൊളിച്ചപ്പോൾ വഴിവിളക്കുകളുടെ കേബിളുകളും മുറിഞ്ഞുപോയി. 

വർഷങ്ങളായി തെളിയാത്ത വിളക്കുകൾ ഉടൻ തെളിയിക്കണമെന്നും പാലങ്ങളിലെ ടാറിംഗ് പൂർത്തിയാക്കണമെന്നും ഹൈക്കോടതി പോലും വിധിച്ചു. പാലത്തിലെ ടാറിംഗ് നടത്തിയെങ്കിലും വഴിവിളക്കുകൾ ഇതുവരെയും തെളിഞ്ഞില്ല.ഇതിനെതിയാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ജിഡ ഓഫീസിന് മുന്നിൽ പ്രതീകാത്മക സമരം നടത്തിയത്.

കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് ജിഡയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വേണ്ട നടപടിയുണ്ടായില്ലെങ്കിൽ കളക്ടറുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി അറിയിച്ചു.

click me!