മതിയായ രേഖകളില്ല, മൊഴികളില്‍ വൈരുദ്ധ്യം; സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പിടികൂടി

By Web TeamFirst Published Sep 27, 2021, 7:43 PM IST
Highlights

മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.

ഹരിപ്പാട്: ആലപ്പുഴയില്‍ സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട്(Fishing boat) പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ്(coastal police) ആറാട്ടുപുഴ  വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി(human trafficking) ബന്ധപ്പെട്ട്  നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ കേരളത്തിലേക്ക് നൽകിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയത്.

നാഗര്‍കോവില്‍ പൊലീസിന്‍റെ അറിയിപ്പ് പ്രകാരം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ സംശയാസ്പദമായി കാണുന്ന ബോട്ടുകളെ ക്കുറിച്ച് വിവരമറിയിക്കണമെന്ന സന്ദേശം മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സപ്പ് ഗ്രൂപ്പിലേക്ക് കൈമാറിയിരുന്നു. തുടര്‍ന്ന്  മത്സ്യതൊഴിലാളികൾ  നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം രാവിലെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്. 

മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യതൊഴിലാളികൾ കണ്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്നതിന് പോവുകയാണെന്നായിരുന്നു തൊഴിലാളികൾ പോലീസിനോട് പറഞ്ഞത്.

 കോസ്റ്റൽ പോലീസ് എസ് ഐ. എ മണിലാൽ  ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന്  ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോട്ടപ്പള്ളി സ്റ്റേഷനിലെ എ എസ് ഐമാരായ ആർ സജീവ് കുമാർ, കെ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് പിടിച്ചെടുത്തത്. സ്രാങ്കുമാരായ  ഇഗ്നേഷ്യസ്, ഷൈജു, ലാസ്കർ സുഭാഷ്, കോസ്റ്റൽ ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻമാരും സംഘത്തിലുണ്ടായിരുന്നു.

click me!