പെരുമഴ ; തൃശൂരില്‍ നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

By Web TeamFirst Published Aug 10, 2018, 1:27 PM IST
Highlights

ജില്ലയിലെ ഡാമുകള്‍ നിറഞ്ഞു തുളുമ്പുകയാണ്. ഇടുക്കിയിലേതടക്കം പ്രധാന ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൃശൂരിലെ പുഴയോരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഡാമുകളായ പീച്ചിയുടേയും വാഴാനിയുടേയും ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ചിമ്മിനി ഡാം ഏതു നിമിഷവും തുറക്കാവുന്ന നിലയിലായതിനാല്‍ കരുവന്നൂര്‍, കുറുമാലി പുഴയോരവാസികളും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 

തൃശൂര്‍: ജില്ലയിലെ ഡാമുകള്‍ നിറഞ്ഞു തുളുമ്പുകയാണ്. ഇടുക്കിയിലേതടക്കം പ്രധാന ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൃശൂരിലെ പുഴയോരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഡാമുകളായ പീച്ചിയുടേയും വാഴാനിയുടേയും ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ചിമ്മിനി ഡാം ഏതു നിമിഷവും തുറക്കാവുന്ന നിലയിലായതിനാല്‍ കരുവന്നൂര്‍, കുറുമാലി പുഴയോരവാസികളും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 

ജില്ലയെ ബാധിക്കുന്ന ഇടമലയാര്‍, പെരിങ്ങല്‍കുത്ത്, പറമ്പിക്കുളം ലോവര്‍ ഷോളയാര്‍ എന്നീ ഡാമുകളുടേയും ഷട്ടര്‍ ഇതിനകം തുറന്നിട്ടുണ്ട്. പെരിങ്ങല്‍കുത്ത് ഡാമിലേക്ക് പറമ്പികുളം, ലോവര്‍ ഷോളയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാല്‍ ചാലക്കുടി പുഴയില്‍ കനത്ത ജലപ്രവാഹമാണ് പ്രകടമാകുന്നത്. പുഴയോരങ്ങളില്‍ കനത്ത വെള്ളക്കെട്ടുമൂലം നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.

പെരിങ്ങല്‍കുത്ത് ഡാമിലെ ഷട്ടറുകളും സ്ലൂയിസ് വാല്‍വുകളുമടക്കം 75 അടി ഉയര്‍ത്തി. ചിമ്മിനി ഡാമില്‍ ജലനിരപ്പ് 75.70 ആയി ഉയര്‍ന്നിരിക്കുകയാണ്. നീരൊഴുക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്നുതന്നെ തുറന്നേക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ വ്യക്തമാക്കി. പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഒമ്പത് ഇഞ്ച് ഉയര്‍ത്തിയിട്ടുള്ളതിനാല്‍ മണലിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ കനത്ത മഴയാണ് മണിക്കൂറുകള്‍ ഇടവിട്ട് തുടരുന്നത്. മഴവെള്ളപാച്ചലില്‍ ചാലക്കുടി- മണലി പുഴകള്‍ കരവിഞ്ഞതിനെ തുടര്‍ന്ന് 25 ഓളം വീടുകള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചാലക്കുടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കൂടപ്പുഴയില്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട എട്ട് കുടുംബംഗങ്ങളെ രക്ഷപ്പെടുത്തി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 200-ഓളം കുടംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചാലക്കുടി താലൂക്കിലെ അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം ഇന്നും അവധി നല്‍കിയിട്ടുണ്ട്. 

ഇടമാലയാര്‍-ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ലോകമല്ലേശ്വരം, മേത്തല, പുല്ലൂറ്റ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും പൊയ്യ, എറിയാട് ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും പെരിയാറിന്‍റെ നൂറ് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
വ്യഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പീച്ചി ഡാമിന്‍റെ ഷട്ടര്‍ 12 ഇഞ്ചാക്കി കുറച്ചു. കുതിരാന്‍ തുരങ്കത്തിലെ മണ്ണിടിച്ചില്‍ തുടരുന്നത് കൂടുതല്‍ ആശങ്കയക്കിടയാക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് കുറ്റൂര്‍- അമലവഴിയുള്ള ഗതാഗതം തടസപ്പെട്ടു.  

മണലിപുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കല്ലൂര്‍പാടം മേഖലയിലെ 17 കുടംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മണലിപുഴ കരകവിഞ്ഞ് കല്ലൂര്‍ പാടംവഴിയിലും പുലക്കാട്ടുക്കര കണ്ണമ്പത്ത് കടവിലും 30 ഓളം വീടുകളില്‍ വെള്ളം കയറി. പാടംവഴിയിലെ 17 കുടുംബങ്ങളെ കല്ലൂര്‍ സുറായി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനാല്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റോഡിന്‍റെ വശങ്ങള്‍ ഇടിഞ്ഞു. പുലക്കാട്ടുകര ഷട്ടറിന് സമീപം പള്ളം റോഡില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. കല്ലൂര്‍ ബീവറേജ് ഔട്ട്ലറ്റില്‍ വെള്ളം കയറി പ്രവര്‍ത്തനം തടസപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. പീച്ചി ഡാമിന്‍റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയതാണ് മണലിപുഴയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. മഴ ശക്തമായാല്‍ പുഴയുടെ ഇരുകരകളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍, മംഗലം, മലമ്പുഴ എന്നീ ഡാമുകള്‍ തുറന്നതോടെ ഭാരതപ്പുഴ കരകവിഞ്ഞൊഴുകുയാണ്. തിരുവില്വാമല പാമ്പാടിയില്‍ നാരായണമംഗലത്ത് അഞ്ചോളം വീടുകള്‍ വെള്ളത്തിലായി. ഇതിനിടെ ഭാരതപ്പുഴയുടെ പാലക്കാട്- തൃശൂര്‍ ജില്ലാ അതിര്‍ത്തി പ്രദേശമായ തരൂര്‍ കരുത്തിക്കോട് ഭാഗത്തു നിന്നും കഴിഞ്ഞദിവസം കാണാതായ രാജന്‍റെ മൃതദേഹം പട്ടാമ്പി ഭാഗത്ത് കണ്ടെത്തി. ശനിയാഴ്ച കര്‍ക്കിടകവാവ് ബലികര്‍മ്മങ്ങള്‍ നടക്കുന്ന ഐവര്‍മഠം തീരം വെള്ളത്തില്‍ മുങ്ങി. ബലിതര്‍പ്പണം നടത്തുന്ന ഭാഗം മുഴുവനും വെള്ളം നിറഞ്ഞതിനാല്‍ ക്ഷേത്രത്തിന്‍റെ മുന്‍വശത്താകും ഇക്കുറി കര്‍മങ്ങള്‍ നടത്താനാവുകയുള്ളു.

അതിനിടെ, കാലവര്‍ഷക്കെടുതി ബാധിച്ച തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി. ലുലു ഇന്‍റര്‍നാഷണലില്‍ ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് സന്ദര്‍ശനം തുടങ്ങിയത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജ്യണല്‍ ഒഫീസര്‍ വി.വി. ശാസ്ത്രി എന്നിവര്‍ അടങ്ങിയ  കേന്ദ്രസംഘമാണ് ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. വൈകീട്ട് സംഘം എറണാകുളത്തേയ്ക്ക് തിരിക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ സിജി എം തങ്കച്ചന്‍ കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസറായി സംഘത്തെ അനുഗമിക്കുന്നുണ്ട്.
 

click me!