ലഹരിക്കായി പണം നൽകാത്തതിനെ തുടർന്ന് അമ്മൂമ്മയെ ഡംബൽ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും. അരൂർ സ്വദേശിയായ അനന്തുവിനാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2019-ൽ നടന്ന സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.

അരൂർ: വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അന്നത്തെ പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും കോടതിയിൽ ഹാജരായി.