പൊട്ടി വീഴാറായ തലശ്ശേരി പാലത്തിൽ സന്ദ‍ർശകരുടെ തിരക്ക്; ക്ഷണിച്ച് വരുത്തുന്നത് വലിയ അപകടം

By Web TeamFirst Published May 4, 2019, 4:38 PM IST
Highlights

കടൽ പാലത്തിന് മുകളിൽ കയറുന്നത് വിലക്കി കളക്ടർ ഉത്തരവിട്ടിരുന്നു. പാലത്തിലേക്ക് കടക്കുന്ന ഭാഗം സിമന്‍റ് തേച്ച് അടയ്ക്കുകയും ചെയ്തു. പക്ഷെ, നാട്ടുകാരത് ചവിട്ടിപ്പൊളിച്ചു

തലശ്ശേരി: പൊട്ടി വീഴാറായ തലശ്ശേരി കടൽ പാലത്തിന് മുകളിലേക്ക് നൂറുകണക്കിന് സന്ദർശകരെത്തുന്നത് അപകടം സാധ്യത കൂട്ടുന്നു. പാലത്തിലേക്ക് ആളുകൾ കടക്കുന്നത് തടയാൻ അധികൃതർക്ക് ആകുന്നില്ല. പാലം ബലപ്പെടുത്തി ചരിത്ര സ്മാരകം ആക്കുമെന്ന സർക്കാർ വാഗ്ദാനം പതിറ്റാണ്ടുകളായിട്ടും നടപ്പിലായിട്ടില്ല.

1910ൽ പണിത ഈ പാലത്തിന്‍റെ തൂണുകൾ തുരുമ്പെടുത്തു. മുകളിലത്തെ സ്ലാബുകളും തകരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് വയനാടൻ മല നിരകളിലേയും മൈസൂരിലേയും സുഗന്ധ വ്യഞ്ജനങ്ങൾ കടൽ കടന്നിരുന്നത് ഇത് വഴിയാണ്. പുറം കടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കെത്തിച്ചിരുന്നതും തലശ്ശേരി കടൽപാലം വഴി തന്നെ. തലശ്ശേരിയുടെ വാണിജ്യ പെരുമയുടേയും ചരിത്രത്തിന്‍റേയും അടയാളമായ പാലം ആ പൈതൃകത്തിന്‍റെ സ്മാരകമായി സംരക്ഷിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ല.

കടൽ പാലത്തിന് മുകളിൽ കയറുന്നത് വിലക്കി കളക്ടർ ഉത്തരവിട്ടിരുന്നു. പാലത്തിലേക്ക് കടക്കുന്ന ഭാഗം സിമന്‍റ് തേച്ച് അടയ്ക്കുകയും ചെയ്തു. പക്ഷെ, നാട്ടുകാരത് ചവിട്ടിപ്പൊളിച്ചു. സർക്കാർ പാലം ബലപ്പെടുത്താനുള്ള നടപടിയെടുക്കാതിരിക്കുന്നതും ആളുകൾ കടക്കുന്നത് ഫലപ്രദമായി തടയാത്തതും വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്.

click me!