Latest Videos

തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തം; റോഡു നിർമാണം നിലച്ചു

By Web TeamFirst Published May 4, 2019, 3:54 PM IST
Highlights

കരാറുകാരൻ 18 തൊഴിലാളികളുമായി എത്തി. ഇതിനിടയിൽ സി ഐ ടി യു, ബി എം എസ് യൂണിയൻ നേതാക്കളെത്തി ഇരു യൂണിയനിൽ നിന്നുമായി 31 തൊഴിലാളികളെ ജോലിക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടു

അമ്പലപ്പുഴ: തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തം മൂലം റോഡു നിർമാണം നിലച്ചു. നീർക്കുന്നം ഇജാബ ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള റോഡിന്റെ നിർമാണമാണ് രണ്ടു ദിവസമായി തടസ്സപ്പെട്ടുകിടക്കുന്നത്. തകർന്നു കിടന്ന റോഡിന്റെ പുനർ നിർമാണത്തിനായി ജി.സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയാണ് റോഡു നിർമാണത്തിനായി അനുവദിച്ചത്.

വ്യാഴാഴ്ച ടാറിംഗ് ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കരാറുകാരൻ 18 തൊഴിലാളികളുമായി എത്തി. ഇതിനിടയിൽ സി ഐ ടി യു, ബി എം എസ് യൂണിയൻ നേതാക്കളെത്തി ഇരു യൂണിയനിൽ നിന്നുമായി 31 തൊഴിലാളികളെ ജോലിക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടു. കരാറുകാരൻ ഇതംഗീകരിക്കാതെ വന്നതോടെ റോഡു നിർമാണം നിലക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്തംഗം എ ഷമീർ ജില്ലാ ലേബർ ഓഫീസറുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രശ്ന പരിഹാരമായില്ല. രണ്ടാം ദിവസമായ ഇന്നലെയും നിർമാണം നടന്നില്ല. നിർമാണക്കരാർ ഏറ്റെടുത്ത കരാറുകാരൻ നിർമാണം മറ്റൊരു കരാറുകാരന് കൈമാറിയിരിക്കുകയാണ്. തൊഴിലാളി യൂണിയനുകൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ റോഡു നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്.

click me!