സൂക്ഷിക്കാൻ ഇടമില്ല, കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ചാക്കുകളിൽ ടൺ കണക്കിന് നെല്ല്; സപ്ലെൈകോയുടെ നെല്ല് സംഭരണം നടക്കുന്നില്ലെന്ന് പരാതി

Published : Nov 13, 2025, 09:55 AM IST
Paddy Farmers

Synopsis

സപ്ലൈകോ നെല്ല് സംഭരണം വൈകുന്നതിൽ പുതുക്കാട് മണ്ഡലത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊയ്തെടുത്ത നൂറുകണക്കിന് ടൺ നെല്ല് കെട്ടിക്കിടക്കുന്നതിനാൽ കർഷകർ കടക്കെണിയിലായിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകാനും നിർബന്ധിതരാകുന്നു. 

തൃശൂർ: സപ്ലെൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടൺ നെല്ല്. ഒന്നരമാസമായി കൊയ്തെടുത്ത വിരിപ്പൂ കൃഷിയുടെ നെല്ലാണ് പറമ്പുകളിലും വീട്ടുമുറ്റത്തും കിടക്കുന്നത്. സൂക്ഷിക്കാൻ ഇടമില്ലാതെ പല കർഷകരുടെയും നെല്ല് നശിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ നെല്ല് ഉണക്കി സൂക്ഷിക്കാനും കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. അളഗപ്പനഗർ, മറ്റത്തൂർ, വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലായി ഇത്തരത്തിൽ നൂറുകണക്കിന് ടൺ നെല്ലാണ് ചാക്കുകളിൽ നിറച്ച് സൂക്ഷിക്കുന്നത്. പലിശക്കെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകരാണ് കടക്കെണിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ, പൂക്കോട്, പച്ചളിപ്പുറം പാടശേഖരങ്ങളിൽ മാത്രം നൂറിലേറെ ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. 200 ഓളം കർഷകർ രാപ്പകലില്ലാതെ കൃഷി ചെയ്തെടുത്ത നെല്ല് സംഭരിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് കർഷകർക്കുള്ളത്.

വിരിപ്പൂ കൃഷി ചെയ്ത ശേഷം ഒരു മാസം മുൻപ് മുണ്ടകൻ കൃഷിയിറക്കിയ കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. മില്ലുകൾ സംഭരിച്ചു നൽകിയ നെല്ലിൻ്റെ കുടിശിക സപ്ലൈകോ കൊടുത്തു തീർക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് സംഭരണം വൈകുന്നത് കർഷകർക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. കാട്ടുപന്നി ശല്യവും കനത്ത മഴയും മൂലം വിളവ് കുറഞ്ഞ വിരിപ്പൂ കൃഷിയുടെ നെല്ല് പല കർഷകരും പറമ്പുകളിലും മുറ്റത്തുമിട്ടാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ഉണക്കിയെടുക്കുന്നത്. ഒരു മഴ പെയ്താൽ ഈ നെല്ല് മുഴുവൻ നശിച്ചു പോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

ഒരേക്കർ കൃഷിയിറക്കാൻ 40,000 രൂപയോളമാണ് ചിലവ് വരുന്നത്. സപ്ലൈകോ ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസക്കാണ് സംഭരിക്കുന്നത്. ഇതിൽ ഓരോ കാരണങ്ങൾ പറഞ്ഞ് രണ്ട് ശതമാനം വീണ്ടും കുറക്കും. ഈ സാഹചര്യത്തിൽ സ്വകാര്യ മില്ലുകളുടെ ചൂഷണവും കർഷകർ നേരിടുന്നുണ്ട്. കെട്ടിക്കിടക്കുന്ന നെല്ല് 18 രൂപ നിരക്കിൽ സ്വകാര്യ മില്ലുകൾക്ക് കൊടുത്ത കർഷകരും ഏറെയാണ്. നെല്ല് സംഭരണം വേഗത്തിൽ തീർത്ത് കർഷകരുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതികൾ അധികൃതർക്ക് പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം