'സർക്കാരിന്റെ ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രം, കേന്ദ്രത്തിന് പല തവണ കത്തെഴുതി'; ഗർഡർ വീണുണ്ടായ അപകടത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

Published : Nov 13, 2025, 08:44 AM ISTUpdated : Nov 13, 2025, 12:13 PM IST
KC Venugopal

Synopsis

അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ പിക്കപ്പ് വാനിന് മുകളിൽ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി. നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പി എ സി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും കെ സി വേണുഗോപാൽ. ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാത നിർമാണത്തിൻ്റെ ക്രെഡിറ്റ് അടിക്കാൻ ഒന്നു വീതം മൂന്നുനേരം റീൽസ് ഇറക്കുന്ന മുഹമ്മദ് റിയാസ് മന്ത്രി ഈ ദുരന്തങ്ങളുടെ ക്രഡിറ്റ് ആരുടെ അക്കൗണ്ടിൽ വരവു വെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ പ്രതികരണം. രാജേഷിൻ്റെ കുടുംബത്തിന് ഉചിതമായ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഓരോ ദിവസം കഴിയുംതോറും ദേശീയപാത നിർമ്മാണം കുരുതിക്കളമാകുകയാണ്. മനുഷ്യൻ്റെ ജീവനും സ്വത്തിനും സമയത്തിനും പുല്ലു വില പോലും കൊടുക്കാതെയുള്ള നിർമാണമാണ് തുറവൂരിനും അരൂരിനും ഇടയിൽ നടക്കുന്നത്. ഒന്നോർത്തു നോക്കൂ അമ്പതിലേറെ മനുഷ്യരാണ് ഈ പണി സ്ഥലത്ത് അപകടങ്ങളിൽ മരിച്ചത്. എല്ലാം സാധാരണക്കാർ. ചെളിയും രാസവസ്തുക്കളും നിറഞ്ഞ് ഒഴുകും മഴക്കാലങ്ങളിൽ. ഈ സമയത്ത് ഈ വഴി കടന്നുപോയ എത്ര വാഹനങ്ങൾക്കാണ് കേടുപാടുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത തുറവൂരിനും അരൂരിനും ഇടയിൽ ഉയരുന്നു എന്നത് നല്ല കാര്യം തന്നെ. പക്ഷേ ആ നിർമാണം പൂർത്തിയാകുന്ന കാലം വരെയും ആ വഴി കടന്നു പോകുന്ന മനുഷ്യരുടെയും ആ പരിസരത്ത് ജീവിക്കുന്ന മനുഷ്യരുടെയും ജീവനും സ്വത്തുക്കൾക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനുണ്ട്. തുറവൂരിൽ ഈ ഉത്തരവാദിത്തമൊന്നും സർക്കാരോ ദേശീയപാതാ അതോറിറ്റിയോ കാണിച്ചിട്ടില്ല. സ്ഥലം എം പി കെ. സി.വേണുഗോപാൽ നിരവധി തവണ നിർമാണത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും പരാതികൾ നൽകി. എത്ര തവണ വിഷയങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഒരു ചെറു നടപടി പോലും ആരും നിർമാണ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ എടുത്തില്ല. എന്തുകൊണ്ടാവും ഗുരുതരമായൊരു മനുഷ്യാവകാശ ലംഘനം ആവർത്തിച്ചു നടന്നിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുറ്റകരമായ ഈ അനാസ്ഥ തുടരുന്നത്. കരാർ കമ്പനിയിൽ നിന്ന് കിട്ടുന്ന കോടികളുടെ കമ്മീഷനാണോ നിതിൻ ഗഡ്കരിയുടെ വിശ്വസ്തരായ കരാർ കമ്പനിയെ സംരക്ഷിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നത്. ദേശീയപാത നിർമാണത്തിൻ്റെ ക്രഡിറ്റ് അടിക്കാൻ ഒന്നു വീതം മൂന്നുനേരം റീൽസ് ഇറക്കുന്ന മുഹമ്മദ് റിയാസ് മന്ത്രീ ഈ ദുരന്തങ്ങളുടെ ക്രഡിറ്റ് ആരുടെ അക്കൗണ്ടിൽ വരവു വെയ്ക്കണം. ഗുരുതരമായ സർക്കാർ അനാസ്ഥയുടെ ഇരയായി കൊല്ലപ്പെട്ട രാജേഷിന് ആദരാഞ്ജലികൾ. രാജേഷിൻ്റെ കുടുംബത്തിന് ഉചിതമായ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയാറാകണം.’ -  ബിനു ചുള്ളിയിൽ

പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ​ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു.

തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്‍റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തില്‍ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിൽ രാത്രി ബൈക്കിലെത്തി, ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചു, അറസ്റ്റി
വിഴിഞ്ഞത്ത് വീട്ടുമുറ്റത്ത് നിന്നവരെയും, വഴിയിലൂടെ നടന്നു പോയവരെയും ആക്രമിച്ചു; കണ്ടെത്തി കൊന്ന് നാട്ടുകാർ, തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്