ആലപ്പുഴയിലെ ചുഴലിക്കാറ്റ്, തകഴിയിൽ വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി, വ്യാപക നാശനഷ്ടം

Published : Jul 14, 2022, 09:46 AM IST
ആലപ്പുഴയിലെ ചുഴലിക്കാറ്റ്, തകഴിയിൽ വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി, വ്യാപക നാശനഷ്ടം

Synopsis

പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റിൽ നിലംപൊത്തി. കരിയിൽ ചന്ദ്രന്റെ പുരയിടത്തിലെ മാവും, പുളിയും കടപുഴകി 11 കെ വി ലൈനിൽ വീണ് വൈദ്യുതബന്ധം നിലച്ചു

ആലപ്പുഴ: തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു ചുഴലിക്കാറ്റ് നാശം വിതച്ചത്. തകഴി പഞ്ചായത്തിൽ 11, 12 വാർഡുകളിലാണ് നാശനഷ്ടമേറയും. പതിനൊന്നാം വാർഡിൽ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. 

പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റിൽ നിലംപൊത്തി. കരിയിൽ ചന്ദ്രന്റെ പുരയിടത്തിലെ മാവും, പുളിയും കടപുഴകി 11 കെ വി ലൈനിൽ വീണ് വൈദ്യുതബന്ധം നിലച്ചു. സമീപത്തെ ഏതാനും പോസ്റ്റുകളും തകർന്നു. പന്ത്രണ്ടാം വാർഡിൽ പന്നക്കളത്ത് മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതവും തടസപ്പെട്ടു. വില്ലേജ് അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ജില്ലയില്‍ അമ്പലപ്പുഴ ബീച്ചിന് പടിഞ്ഞാറ് കടലില്‍ ബുധനാഴ്ച  (13.7.'22) രാവിലെയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോ‍ർട്ട് ചെയ്തത്. ഏതാണ്ട് ഏട്ടോളം പേരെ അപകടത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 പത്തിനും പതിനൊന്നിനും ഇടയിലാണ് ഉള്‍ക്കടലില്‍ ചുഴലി പ്രത്യക്ഷപ്പെട്ടത്. മീന്‍ പിടിക്കാന്‍ പോയ വള്ളങ്ങളിലുണ്ടായിരുന്നവരാണ് ആദ്യം ചുഴലി കണ്ടത്. 

ഈ സമയം കടലില്‍ വള്ളമിറക്കാനെത്തിയവര്‍ കോള് കണ്ട് വള്ളമിറക്കാതെ കരയില്‍ മാറി നിന്നു. എന്നാല്‍, ഏതാനും നിമിഷത്തിനുള്ളില്‍ കടല്‍ ചുഴലിയുടെ പ്രഭാവത്തില്‍ കരയിലേക്ക് അതിശക്തമായ കാറ്റ് വീശി. ഈ സമയം കടലിലിറക്കാനായി തയ്യാറെടുക്കുകയായിരുന്ന വള്ളങ്ങളെ കാറ്റ് എടുത്തുയര്‍ത്തി കരയിലടിച്ചതായി ദൃക്ഷ്സാക്ഷികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

കരൂർ അയ്യൻകോയ്ക്കൽ ലാൻഡിംഗ് സെന്‍ററിൽ വീശിയ ചുഴലി കാറ്റിൽ 3 വള്ളങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു.  ഇത്തരത്തില്‍ ശക്തമായ കാറ്റ് വള്ളങ്ങളെ എടുത്തുയര്‍ത്തി കരയിലിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റത്. തേക്കെത്തയ്യിൽ (ഉടമ -കാഞ്ഞിരംചിറ പോൾ TC), ആണ്ടിയാർ ദീപം (ഉടമ -അഖിലനന്ദൻ, കല്ലുപ്പാറയിൽ, പുന്നപ്ര ), സിയോൺ വള്ളം (ഉടമ-ജാക്ക്സൺ ) എന്നീ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ട് തകര്‍ന്നത്. ഈ വള്ളങ്ങളിലെ ജോലിക്കാരും സാരമായ പരിക്കേറ്റ ബോണി സെബാസ്റ്റ്യൻ, സനി മോൻ, ഗിരീഷ് എന്നീ മൽസ്യതൊഴിലാളികളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെബാസ്ത്യനോസ് വള്ളത്തിന്‍റെ ക്യാമറയ്ക്കും കേടുപാടുകൾ സംഭവിച്ചു. 

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ