വിവാഹ മോചനക്കേസ് നിലനിൽക്കെ ഭർത്താവ് വീട്ടിൽകയറി ആക്രമിച്ച കേസ്; പൊലീസ് ഒത്തുകളിക്കുന്നു എന്ന് വീട്ടമ്മ

By Web TeamFirst Published Dec 29, 2019, 10:49 PM IST
Highlights

കോടതി നിർദേശിച്ചിട്ടും പ്രതിക്കെതിരെ ഗൗരവമുള്ള വകുപ്പ് ചുമത്താത്തത് രാഷ്ട്രീയ സമ്മർദം കൊണ്ടെന്നും ആരോപണം. പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവും നടപ്പാക്കിയില്ല.

കോഴിക്കോട്: വിവാഹ മോചനക്കേസ് നിലനിൽക്കെ ഭർത്താവ് വീട്ടിൽകയറി ആക്രമിച്ച കേസിൽ പൊലീസ് ഒത്തുകളിയെന്ന ആരോപണവുമായി വീട്ടമ്മ. കോടതി നിർദേശിച്ചിട്ടും പ്രതിക്കെതിരെ ഗൗരവമുള്ള വകുപ്പ് ചുമത്താത്തത് രാഷ്ട്രീയ സമ്മർദം കൊണ്ടാണെന്നാണ് ആരോപണം. വീട്ടമ്മയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് ആറുമാസമായിട്ടും പൊലീസ് നടപ്പിലാക്കിയിട്ടില്ല.

കഴിഞ്ഞ ജനുവരിയിലാണ് കോഴിക്കോട് കാക്കൂർ സ്വദേശി ഷിജിയെ അകന്നുകഴിയുന്ന ഭർത്താവ് ഷിജു എപി വീട്ടിൽ കയറി ആക്രമിച്ചത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തലയിൽ മാരകമായി പരിക്കേറ്റ ഷിജിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കയറി ആക്രമിച്ചതിന് കേസെടുത്ത പൊലീസ് പക്ഷെ സ്ഥലത്ത് ഓട്ടോ ഡ്രൈവറായ പ്രതിയെ മാസങ്ങളോളം അറസ്റ്റ് ചെയ്തില്ല. പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ സെഷൻസ് ജഡ്ജ് കേസിൽ സ്ത്രീധന പീഡനത്തിനെതിരായ വകുപ്പ് 498 എ എന്തുകൊണ്ട് ഉൾപ്പെടുത്തിയല്ല എന്ന് ഉത്തരവിൽ ചോദിക്കുകയും ചെയ്തു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം പൊലീസ് ഒത്തുകളിക്കുകയാണെന്ന് വീട്ടമ്മ ആരോപിക്കുന്നു.

ഷിജിക്ക് ഒരു വനിതാ കോൺസ്റ്റബിളിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന നിർദേശത്തോടെ കഴിഞ്ഞ മെയ്മാസം ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം നൽകി. ആറ്മാസം പിന്നിട്ടിട്ടും കോടതി ഉത്തരവ് പൊലീസ് നടപ്പാക്കിയിട്ടില്ല. സുരക്ഷ നൽകാനുള്ളത്ര ഭീഷണിയില്ലെന്നാണ് കാക്കൂർ പൊലീസിന്റെ വിശദീകരണം. പ്രതി കൈക്കലാക്കിയ 19 പവനും അൻപതിനായിരം രൂപയും തിരിച്ചുതരുന്നില്ലെന്നും ഷിജി ആരോപിക്കുന്നു. എന്നാൽ താൻ ആക്രമിച്ചിട്ടില്ലെന്നും കള്ളക്കേസുണ്ടാക്കാൻ ഷിജി സ്വയം മുറിവേൽപ്പിക്കുകയാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം.

click me!