
പെരിന്തൽമണ്ണ: ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്(30) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫാത്തിമ ഫഹ്‌നയെ വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ, ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലും കണ്ടെത്തിയത്. റമദാൻ വ്രതാനുഷ്ടാനത്തിനായി പുലർച്ചെ ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കട്ടിലിന് സമീപം ഫഹ്ന നിലത്ത് കിടക്കുന്നത് കണ്ടത്.
തുടർന്ന് കുഞ്ഞലവിയെയും കുറച്ചകലെയുള്ള നഫീസയുടെ സഹോദരൻ ചിറത്തൊടി ഹുസൈനെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കെളെത്തി പെരിന്തൽമണ്ണ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടിരുന്നു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോൾ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.
ഫഹ്‌നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയം. സംഭവശേഷം ഇയാൾ ഓട്ടോറിക്ഷയിൽ ചെറുകരയിലും അവിടെ നിന്ന് പെരിന്തൽമണ്ണയിലും തുടർന്ന് മണ്ണാർക്കാട്ടെ വീട്ടിലെത്തും എത്തുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ മണ്ണാർക്കാട് പൊലീസാണ് രാവിലെ ഒൻപതോടെയാണ് വട്ടമ്പലത്തെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്.
ഇയാൾക്ക് ചെറിയ മാനസിക പ്രശ്നങ്ങളുള്ളതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്. 2017 ലായിരുന്നു ഇവരുടെ വിവാഹം. നാലുവയസുകാരി ഫിദ മകളാണ്. തിരൂരിൽ നിന്നും ഫോറൻസിക്ക് ഓഫീസർ വി മിനിയുടെ നേതൃത്വത്തിലും, മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ദ എൻ വി മുബീനയും തെളിവുകൾ ശേഖരിച്ചു. ജില്ലാശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം തഹസിൽദാർ പി എം മായ, പോലീസ് ഇൻസ്‌പെക്ടർ സി അലവി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam