ഷൈനിയുടെ ജീവനെടുത്തത് ഭർത്താവ്; ലഹരിയും ഗര്‍ഭത്തിലെ സംശയവും വില്ലനായി

By Web TeamFirst Published Jan 12, 2020, 9:00 AM IST
Highlights

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഷൈനിയുടെ കുടുംബം നിധീഷിന്റെ ലഹരിയുപയോഗം അറിയാതെ ആണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്

തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയിൽ ഷൈനിയുടെ ജീവനെടുത്തത് ഭർത്താവ് നിധീഷിന്റെ ലഹരി ഉപയോഗവും സംശയ രോഗവും. നാലു മാസം ഗർഭിണിയായ ഷൈനിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി ഇരുവർക്കും ഇടയിൽ നിരന്തരം വഴക്ക് നടന്നിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഷൈനിയുടെ കുടുംബം നിധീഷിന്റെ ലഹരിയുപയോഗം അറിയാതെ ആണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്. വിവാഹത്തിന് ഏറെ മുൻപ് തന്നെ നിധീഷ് കഞ്ചാവിനും മയക്കു മരുന്നിനും അടിമയായിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ചാവടിയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുറച്ചുനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി അടുത്തിടെ തിരികെ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം നിധീഷ് ജോലിക്ക് പോയിരുന്നില്ല.

ലഹരിയുപയോഗത്തിന് ശേഷം നിധീഷ് ഷൈനിയെ മർദിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. മൂന്ന് മാസം മുൻപാണ് നിധീഷ് വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ സ്കാനിങ് റിപ്പോർട്ടിൽ ഷൈനി നാലു മാസം ഗർഭിണിയാണെന്ന് പറയുന്നു. സ്കാനിങ് റിപ്പോർട്ടുകളാണ് പ്രശങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വിശ്വാസം ഇല്ലെങ്കിൽ മുന്നോട്ട് ഒരുമിച്ചു ജീവിക്കാതെ വിവാഹമോചനം നടത്താം എന്ന് ഷൈനി പറഞ്ഞത് നിധീഷിനെ പ്രകോപിക്കുകയായിരുന്നു.

മകന്റെ മുന്നിൽ വെച്ച് നിധീഷ് ഷൈനിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഷൈനിയെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഷൈനിയുടെ കാമുകനെയും വകവരുത്താൻ ആണ് തീരുമാനിച്ചത് എന്ന് നിധീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോൾ ഇരുവരുടെയും മൂന്ന് വയസുകാരൻ മകൻ കെവിൻ അച്ഛൻ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലിൽ നിന്ന് മാറിയിട്ടിലായിരുന്നു. സംഭവത്തിൽ ഒന്നിൽകൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഷൈനിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ മറ്റാർക്കും പങ്കില്ലയെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്

click me!