തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഘര്‍ഷത്തിലെ പങ്കാളിത്തം തെറ്റിദ്ധരിച്ചാണ് 17-കാരനെ പ്രതി ആക്രമിച്ചത്. കൊരുമ്പിശേരി സ്വദേശിയായ പ്രണവ് എന്ന കുട്ടനാണ് അറസ്റ്റിലായത്.
തൃശൂര്‍: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വെച്ച് വിദ്യാര്‍ഥിയെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊരുമ്പിശേരി സ്വദേശി തോപ്പുംവളപ്പില്‍ വീട്ടില്‍ കുട്ടന്‍ എന്നറിയപ്പെടുന്ന പ്രണവി (21)നെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന പുത്തന്‍ച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്യാര്‍ഥിയെ ആണ് പ്രതികള്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരാതിക്കാരനായ വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. പ്രണവിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഈ കേസ് കൂടാതെ ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.ഐ. അഭിലാഷ് ടി.ജി., എ.എസ്.ഐമാരായ ഗോപകുമാര്‍, മുരുകദാസ്, സി.പി.ഒ. മുരളീകൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


