
മലപ്പുറം: മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂർ പൊയിലിൽ ഷമീമിന്റെ ഭാര്യ സുൽഫത്തിനെ (25) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുൽഫത്തിന്റെ ഭർത്താവ് ഷമീമി (32) നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സുൽഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ രാവിലെ കാണുമ്പോൾ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നു. ശരീരത്തിൽ കയർ മുറുകിയതിന്‍റെ പാടുകൾ കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാൽ ദേഹത്ത് മറ്റു പരിക്കുകളുള്ളതായും ഇവർ പറയുന്നുണ്ട്.
ഷമീം ക്രൂരമായി മർദ്ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഷമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിരിയിരിക്കുന്നത്. അതേ സമയം സുൽഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. ചുങ്കത്തറ പൂക്കോട്ടുമണ്ണ മുത്തെക്കൽ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുൽഫത്ത്. അൽഹാന ഫാത്തിമ, മുഹമ്മദ് ഹയാൻ എന്നിവരാണ് മക്കൾ. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അതേസമയം കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam