
ആലപ്പുഴ: അതിജീവനത്തിന്റെ പോരാളിയായ മുഹമ്മദ് അസിം നടത്തുന്ന സഹന സമര വീൽചെയർ യാത്ര ആലപ്പുഴയിലെത്തി. എനിക്കും പഠിക്കണമെന്ന ആവശ്യവുമായാണ് കോഴിക്കോട് നിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക് അസിം വീൽചെയർ യാത്ര നടത്തുന്നത്. ഫെബ്രുവരി 15ന് കോഴിക്കോട് വെളിമണ്ണയിൽ നിന്ന് ആരംഭിച്ച യാത്ര ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്തെത്തുന്ന തലത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
പോസിറ്റീവ് മൂവ്മെന്റ് ഓഫ് ഇന്ത്യ ട്രസ്റ്റ് ചെയർമാൻ ഹാരിസ് രാജൻ ഉൾപ്പെട്ട വാളണ്ടിയർമാരാണ് അസിമിനെ വീൽചെയറിൽ കൊണ്ടുപോകുന്നത്. പാതയോരങ്ങളിൽ യാത്രയുടെ ആവശ്യം തിരക്കി അറിഞ്ഞവർ നൊമ്പരത്തോടെയായിരുന്നു അസിമിനെ നോക്കിക്കണ്ടത്. എന്തിനാണ് യാത്ര എന്ന് ചോദ്യത്തിന് വൈകല്യങ്ങളെ മറന്ന് അസിം ഉത്തരം നൽകി. ഒരു വർഷമായി പോരാട്ടം തുടരുകയാണ്. സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത് പിൻവലിക്കണമെന്നാണ് അസിമിന്റെ ആവശ്യം. അതിനാണ് തന്റെ യാത്രയെന്ന് അസീം വിവരിക്കുന്നു.
അസിമിന്റെ വീൽചെയർ യാത്രയെക്കുറിച്ച് അറിഞ്ഞവർ ഭക്ഷണവും വെള്ളവും നൽകി പിന്തുണ അർപ്പിച്ച് ഒപ്പ് നല്കുന്നുണ്ട്. ആലപ്പുഴ മാമൂട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ ഷെബീറിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. അസിം എത്തിയതറിഞ്ഞ് ചുറ്റുമുള്ള വിദ്യാർഥികൾ ഓടിയെത്തി. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ കുട്ടികൾ സ്നേഹം പങ്കിട്ട് പാട്ടും പാടിയാണ് അസിമിനെ യാത്രയാക്കിയത്. കനത്ത ചൂടായതിനാൽ വീൽചെയർ യാത്ര രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമാണ്. അസിമിന് പഠിക്കാൻ കോഴിക്കോട് വെളിമണ്ണ സ്‌കൂൾ ഹൈസ്‌കൂളാക്കി മാറ്റാനുള്ള മനസാക്ഷി ഭരണകർത്താക്കൾക്ക് യാത്രയിലൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam