'അത്രയും സഹിക്കാൻ പറ്റാത്തത് കൊണ്ട് ചെയ്തതാ, 8000 രൂപ എന്നെ സംബന്ധിച്ച് വലുതാ': ദോശമാവിൽ കുളിച്ച രാജേഷ്

Published : Oct 09, 2024, 04:19 PM IST
'അത്രയും സഹിക്കാൻ പറ്റാത്തത് കൊണ്ട് ചെയ്തതാ, 8000 രൂപ എന്നെ സംബന്ധിച്ച് വലുതാ': ദോശമാവിൽ കുളിച്ച രാജേഷ്

Synopsis

ഉപയോഗിക്കാനാകാതെ മാവ് നശിച്ച് പോയതിലുള്ള മനോവിഷമമാണ് പ്രതിഷേധത്തിന് കാരണമെന്ന് രാജേഷ്

കൊല്ലം: കെഎസ്ഇബിയുടെ അനാസ്ഥ കാരണമാണ് വിൽക്കാനായി തയ്യാറാക്കിയ ദോശമാവിൽ കുളിച്ച് പ്രതിഷേധിക്കേണ്ടി വന്നതെന്ന് കൊല്ലം കുണ്ടറയിലെ മില്ലുടമ രാജേഷ്. മുന്നറിയിപ്പില്ലാത്ത സമയത്ത് വൈദ്യുതി മുടങ്ങിയതോടെ പകുതി ആട്ടിയ മാവുമായി കുണ്ടറ കെഎസ്ഇബി ഓഫീസിലേക്ക് എത്തുകയായിരുന്നു. ഉപയോഗിക്കാനാകാതെ മാവ് നശിച്ച് പോയതിലുള്ള മനോവിഷമമാണ് പ്രതിഷേധത്തിന് കാരണമെന്ന് രാജേഷ് പറഞ്ഞു. എന്നാൽ അടിയന്തര സാഹചര്യത്തിലാണ് അറിയിപ്പ് നൽകിയ സമയത്തിന് മുൻപ് വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നതെന്ന് കെഎസ്ഇബി പറയുന്നു.

"ഒക്ടോബർ ആറിന് ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ച് മണി വരെ കറന്‍റ് ഉണ്ടാവില്ലെന്ന് എനിക്ക് മെസേജ് വന്നിരുന്നു. സാധാരണ രണ്ടര മൂന്ന് മണിക്കുള്ളിൽ മാവ് ആട്ടുകയാണ് പതിവ്. മെസേജ് കിട്ടയതിനാൽ നേരത്തെ മാവ് ആട്ടാൻ തുടങ്ങി. എന്നാൽ 9 മണി മുതൽ കറന്‍റ് വന്നും പോയുമിരുന്നു. പക്ഷേ പകൽ 11 മണിയായപ്പോൾ കറന്‍റ് തീർത്തും പോയി. പോയ കറന്‍റ് അഞ്ചര മണിക്കാണ് വന്നത്. പകുതി അരി ആട്ടിക്കഴിഞ്ഞിരുന്നു. ഉഴുന്ന് ആട്ടാനിട്ടിരുന്നു. 9 മണി മുതൽ അഞ്ച് വരെ കറന്‍റ് കട്ടെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ മാവ് ഇടില്ലായിരുന്നു. നഷ്ടവും വരില്ലായിരുന്നു. 8000 രൂപയുടെ നഷ്ടമുണ്ടായി. അത് എന്നെ സംബന്ധിച്ച് വലുതാണ്. അത്രയും സഹിക്കാൻ പറ്റാത്തതു കൊണ്ടാണ് കെഎസ്ഇബി ഓഫീസിൽ ചെന്നത്"- രാജേഷ് പറഞ്ഞു.

ദോശ മാവ് പാക്കറ്റുകളിലാക്കിയാണ് രാജേഷ് വിൽപന നടത്തിയിരുന്നത്. പകുതി ആട്ടിയ അരിമാവ് ഉപയോഗ ശൂന്യമായെന്ന് പറഞ്ഞാണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ രാജേഷ് മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി മാവ് കൊണ്ടുവന്ന ശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചുകൊണ്ട് രാജേഷ് പ്രതിഷേധിച്ചത്. എന്നാൽ ട്രാൻസ്ഫോർമർ തകരാറ് കാരണമാണ് അടിയന്തരമായി വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

PREV
Read more Articles on
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം