
ആലപ്പുഴ : ചേർത്തലയിലെ വിവാദമായ ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ സെബാസ്റ്റ്യൻ മൂന്ന് കൊലപാതകക്കേസിൽ പ്രതിയായി. ഐഷ കേസിൽ ചേർത്തല പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഐഷയെയും കൊലപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി. സാഹചര്യ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തത്. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെയും ചേർത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസിൽ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സെബാസ്റ്റ്യൻ റിമാന്റിലാണ്.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജെയ്‌നമ്മ,ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ജെയ്‌നമ്മയെ 2024 ഡിസംബർ 23 മുതലാൺ് കാണാതായത്. ജെയ്‌നമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യൻ ആദ്യം അറസ്റ്റിലായത്. ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് കാണിച്ച് 2017-ലാണ് സഹോദരൻ പരാതി നൽകിയത്. ബിന്ദുവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ സെബാസ്റ്റ്യൻ പ്രതിയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam