'നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു, ദൈവനാമത്തിൽ എല്ലാ തിരികളും കത്തിച്ചു'; കുറിപ്പുമായി കെ.ടി. ജലീൽ

Published : Feb 18, 2026, 02:17 PM IST
KT Jaleel

Synopsis

മലപ്പുറം പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിനെക്കുറിച്ച് കെ.ടി. ജലീൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരിയുടെ ക്ഷണപ്രകാരം എത്തിയ അദ്ദേഹം, ക്ഷേത്രത്തിലെ പ്രധാന നിലവിളക്കിലെ തിരികൾ ദൈവനാമത്തിൽ തെളിയിച്ചു.

മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി കെ.ടി. ജലീൽ എംഎൽഎ. മഹാശിവക്ഷേത്രത്തിലെ മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വർഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളതെന്നും അദ്ദേഹമാണ് തന്നെ ഉത്സവത്തിന് ക്ഷണിച്ചതെന്നും ജലീൽ കുറിച്ചു. ക്ഷേത്രത്തിൻ്റെ നാല് ഭാഗവും മാർബിൾ വിരിച്ച് പാദങ്ങൾ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമൻ നിലവിളക്ക് തിരികളിട്ട് കർപ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു. ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചുവെന്നും അദ്ദേഹം കുറിച്ചു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ മുഖ്യകാർമികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വർഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അമ്പലത്തിലെ എല്ലാ ആഘോഷങ്ങളിലേക്കും അദ്ദേഹം എന്നെ ക്ഷണിക്കുക പതിവാണ്. എമ്പ്രാന്തിരി ഒരു കോൺഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിൻ്റെ ഒരു രഹസ്യ കാമുകനും. വർഗ്ഗീയതയോട് ഒരിക്കലും സമരസപ്പെടാത്ത വ്യക്തിയെന്ന് ചുരുക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിൻ്റെ സ്നേഹവും പിന്തുണയും എനിക്കുണ്ടായിട്ടുണ്ട്. പെരുമ്പറമ്പ് ശിവക്ഷേത്രം ഒരു ജനകീയ ക്ഷേത്രമായി രൂപപ്പെട്ടത് മനോജിൻ്റെ ശ്രമഫലമാണ്.

ക്ഷേത്രത്തിലെ ഏതുത്സവത്തിനും നാട്ടുകാരായ നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടും. എല്ലാവർക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രം. ആർക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം. പ്രവേശനത്തിന് ബോർഡ് പരിതി നിശ്ചയിക്കാത്ത ക്ഷേത്രം. ഒരു മിനി ശബരിമല തന്നെ. ശബരിമല മാളികപ്പുറം മേൽശാന്തിയായി പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരനാണ് മനോജ്. അടിമുടി മതേതരനായ ഒരാൾ. തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരി.

ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തൽ ഉൽസവം അവിടെ നടന്നത്. പതിവു പോലെ ഞാൻ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാൻ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാൻ പിന്നിലുമായി നടന്നു. ധാരാളം ഭക്തർ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വർത്തമാനങ്ങൾ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയിൽ ചാലിച്ച തിരികൾ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിൻ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ശിവക്ഷേത്രം കാണാൻ എന്തൊരു ഭംഗിയാണെന്നോ?

ക്ഷേത്രത്തിൻ്റെ നാല് ഭാഗവും മാർബിൾ വിരിച്ച് പാദങ്ങൾ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമൻ നിലവിളക്ക് തിരികളിട്ട് കർപ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു. ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ആരോഗ്യ വകുപ്പിന്റെ അച്ചടക്ക നടപടി, ഡോ. ബിന്ദു സുന്ദറിനെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി
ഇതാ വരുന്നമ്മേ...ബിനീഷിന്റെ അവസാന ഫോൺകോൾ, പിന്നീട് ഫോൺ സ്വിച്ച് ഓഫ്, നടന്ന് വീടിന്റെ അടുത്തെത്തി, രണ്ടാഴ്ചയായി കാണാതായ യുവാവിനായി തിരച്ചിൽ