ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലി(42) യെയാണ് പോലീസ് പിടികൂടിയത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി ദിനേഷ്, ഹൈവേ പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. ഇന്നലെ രാവിലെ 11 മണിക്ക് ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവമുണ്ടായത്. പട്രോളിംഗ് സംഘം വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഷാഹിദ് അലിയെത്തി അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന തന്‍റെ ഫോട്ടോ പോലീസുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഷാഹിദ് അക്രമിച്ചതെന്നും പരാതിയില്‍ ആരോപണമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred