ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം: മുഖ്യപ്രതി ബോബിൻ അറസ്റ്റിൽ

By Web TeamFirst Published Jan 18, 2019, 8:00 AM IST
Highlights

ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. 

ഇടുക്കി: ഇടുക്കി പൂപ്പാറ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ബോബിൻ പിടിയിൽ. തമിഴ്നാട്ടിലെ മധുരൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെയും കൊണ്ട് പോലീസ് കേരളത്തിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തിച്ചു ഇന്ന് തന്നെ തെളിവെടുപ്പ് അടക്കമുള്ള നടപടികൾ ഉണ്ടാകും. ബോബിനെ കണ്ടെത്താൻ സൈബർ സെല്ലുമായി ചേർന്ന് ഇയാളുടെ ഫോൺ നമ്പർ പൊലീസ് ട്രേസ് ചെയ്തിരുന്നു. 

ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്. ബോബിനെ ഒളിവിൽ കഴിയാനും എസ്റ്റേറ്റിൽ നിന്നും മോഷ്ടിച്ച ഏലം വിൽക്കാനും സഹായിച്ച ചേറ്റുപാറ സ്വാദേശികളായ ദമ്പതികൾ കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയിരുന്നു. ബോബിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.

click me!