ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് അടക്കം കുരുങ്ങും, ലൈസൻസ് പോകും

Published : Jun 06, 2022, 01:52 PM IST
ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് അടക്കം കുരുങ്ങും, ലൈസൻസ് പോകും

Synopsis

കട്ടപ്പന വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ആളുകളുടെ ലൈസൻസും ...

ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ പരിശോധിച്ചു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിന്‍റെ ഭാഗമായി ഇരുകക്ഷികൾക്കും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. 

കട്ടപ്പന വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തിൽ പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം. അപകടത്തിൽ പെട്ടത് ഉൾപ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തിൽ പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസും  സ്ഥിരീകരിച്ചു.

ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്‍റെ ലൈസൻസ് താത്കാലികമായി എംവിഡി സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേർക്കെതിരെ നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. അപകടസ്ഥലം നേരിട്ടെത്തി പരിശോധിച്ച എൻഫോഴ്സ്മെന്‍റ് ആർടിഒ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. അപകടത്തിൽപെട്ടത് ഉൾപ്പെടെ മൂന്നു ബൈക്കുകളും പോലീസ് കസ്റ്റഡിയിലാണ്.

ബൈക്കുകൾ രൂപമാറ്റം വരുത്തിയതായും ആർടിഒയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഉടൻ നൽകും. മത്സരയോട്ടങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികൾ ഉൾപ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.  

വൈറലായ ആ ആക്സിഡന്‍റ്

വെള്ളയാം കുടിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് കുതിച്ചുപൊങ്ങി ട്രാൻസ്ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിച്ച സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തിൽത്തട്ടി മറിഞ്ഞ് ഉയർന്ന് പൊങ്ങി ബൈക്കിലിരുന്ന വിഷ്ണുപ്രസാദ് ഒരു വശത്തേക്ക് പറന്ന് വീഴുന്നതും ബൈക്ക് ട്രാൻസ്ഫോമറിനുള്ളിലേക്ക് വീഴുന്നതും കാണാമായിരുന്നു. ഞെട്ടിക്കുന്ന ദൃശ്യത്തിനൊടുവിൽ കാര്യമായ പരിക്കില്ലാതെ വിഷ്ണു പ്രസാദ് എഴുന്നേറ്റ് വരുന്നത് കാണുമ്പോഴായിരുന്നു ഒരാശ്വാസം. ആളുകൾ ദൃശ്യം കണ്ട് ഇവിടേക്ക് ഓടിയെത്തുന്നതും കാണാമായിരുന്നു. 

കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ട വിഷ്ണുപ്രസാദ് പിന്നാലെ എത്തിയ സുഹൃത്തിന്‍റെ ബൈക്കിൽ കയറിയാണ് സ്ഥലത്ത് നിന്ന് പോകുന്നത്. അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചാണ് അപകടം ഒഴിവാക്കിയത്.  പോലീസും അഗ്നിരക്ഷാ സേനയുമെത്തി ജെ.സി.ബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിന്‍റെ ദൃശ്യം:

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു