മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി, ആധാര്‍ പുതുക്കിയത് കെണിയായി; രണ്ട് വര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

By Web TeamFirst Published Jun 23, 2021, 11:40 PM IST
Highlights

യുവതിയുമായി ഒളിച്ചോടിയ ശേഷം രണ്ടുതവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു.  യുവാവിന്‍റെ വീട്ടിൽ  തപാലിലെത്തിയ രണ്ട് ആധാർ കാർഡുകളാണ് കേസിൽ തുമ്പായി മാറിയത്.

ഹരിപ്പാട്: കാമുകനുമായി ഒളിച്ചോടിയ ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന യുവതിയെ രണ്ടുവർഷത്തിനുശേഷം ബെംഗളൂരുവിൽ നിന്ന്  കണ്ടെത്തി. കാമുകൻ ആധാറിലെ ചിത്രം പുതുക്കിയതാണ്  ഇവരെ കണ്ടെത്താൻ കാരണമായത്. 
യുവതിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. യുവാവിന്‍റെ വീട്ടിൽ  തപാലിലെത്തിയ രണ്ട് ആധാർ കാർഡുകളാണ് കേസിൽ തുമ്പായി മാറിയത്.

യുവതിയുമായി ഒളിച്ചോടിയ ശേഷം രണ്ടുതവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു. ഈ സമയത്ത് ആധാറിന്റെ പ്രിന്‍റ് തപാലിൽ വീട്ടിലെത്തി. വീട്ടുകാർ ഇതു സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും മകൻ എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് പോലീസ് ആധാർ കണ്ടെത്തുകയായിരുന്നു.

മൂന്നുദിവസം മുൻപാണ് പൊലീസ് സംഘം ബെംഗളൂരിവിലേക്കു പോയത്. ആധാർ പുതുക്കിയപ്പോൾ നൽകിയ ഫോൺനമ്പർ കേന്ദ്രീകരിച്ചാണ് ബെംഗളൂരുവിൽ അന്വേഷണം നടത്തിയത്. യുവാവ് അവിടെ ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. ചേപ്പാട് സ്വദേശിയായ യുവതി രണ്ട് വർഷം മുൻപ് 9 വയസ് പ്രായമുള്ള മകളെ ഉപേക്ഷിച്ചാണ്  കായംകുളം പുതുപ്പള്ളി സ്വദേശിയായ യുവാവിന് ഒപ്പം ഒളിച്ചോടിയത്. 

ഇവർക്ക് ഇപ്പോൾ 9 മാസം പ്രായമായ ഒരു കുഞ്ഞുണ്ട്. യുവാവ് ബാംഗ്ലൂരിൽ പോയി വീട് എടുത്തതിനുശേഷം ആണ് ഇവർ നാടുവിട്ടത്. ഫോൺ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നാട്ടിൽ ആരുമായി ഒരു ബന്ധവും ഇവർക്ക് ഇല്ലാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ബാംഗ്ലൂർ രാമചന്ദ്രപുരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. കരീലക്കുളങ്ങര സി.ഐ      എസ്.എൽ അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം എസ്. ഐ.വിനോജ് ആന്റണി, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ്. ആർ ഗിരീഷ്, ഡി. അജിത്ത് കുമാർ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!