കുട്ടനാട്ടിലെ അനധികൃത നിലം നികത്തൽ; പ്രത്യക്ഷ സമരത്തിനൊരുങ്ങി ബിജെപി

By Web TeamFirst Published Jul 7, 2019, 11:57 AM IST
Highlights

സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെയാണ് നിലം നികത്തൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ആരോപിച്ചു

കുട്ടനാട്: അപ്പർകുട്ടനാട് മേഖലയിലെ അനധികൃത നിലം നികത്തലിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ബിജെപി. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് തീരുമാനം. സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെയാണ് നിലം നികത്തൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ആരോപിച്ചു.

അപ്പർ കുട്ടനാടിന്‍റെ ഭാഗമാണ് എംസി റോഡിനോട് ചേർന്ന മഴുക്കീർ പാടശേഖരം. തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ഇവിടെയാണ് വ്യാപകമായ രീതിയിൽ പാടം മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ച് നികത്തുന്നത്. പ്രളയം ഏറെ നാശം വിതച്ച ഈ പ്രദേശത്ത് അവശേഷിക്കുന്ന പാടങ്ങളും നികത്തുന്നതിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാർ.

ഈ പശ്ചാത്തലത്തിലാണ് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. നേരത്തെ വയൽ നികത്തുന്നത് തടഞ്ഞ് തിരുവൻവണ്ടൂർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നിട്ടും പാടം നികത്തുന്നത് തുടരുകയാണ്. പാടശേഖരത്തിന് ചുറ്റുമുള്ള ഉമയാറ്റുകര, മഴുക്കീർ, വെട്ടിക്കോട് പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ശേഷിക്കുന്ന പാടശേഖരങ്ങൾ കൂടി നികത്തുന്നതോടെ ഭാവിയിൽ കടുത്ത ജലക്ഷാമത്തിനും ഇത് കാരണമാകും.

click me!