
തിരുവനന്തപുരം: അനധികൃതമായി വിദേശമദ്യവിൽപ്പന നടത്തിയ കുറ്റത്തിൽ ഒരാൾ അറസ്റ്റിൽ. എംസിയുടെ 31 കുപ്പി മദ്യവും, വിൽപ്പന നടത്തി ലഭിച്ച 6000 രൂപയും കണ്ടെടുത്തു. തേമ്പാമൂട് കുന്നിക്കോട് സ്വദേശി നിസാറാണ് അറസ്റ്റിലായത്. തേമ്പാമൂട് അൽഫിയ മൻസിലിൽ നവാസ് എന്നയാളെ ഉപയോഗിച്ചായിരുന്നു ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്.
നിസാർ പിടിയിലായതിന് പിന്നാലെ നവാസിന്‍റെ വീട്ടിലും പരിശോധന എക്സൈസ് നടത്താൻ സംഘം എത്തിയതോടെ ഇയാൾ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ദിവസം 1000 രൂപ കൂലി നല്കിയാണ് നിസാറിനെ നവാസ് മദ്യവില്പനയ്ക് നിർത്തിയിരുന്നത്. നവാസ് മുൻപ് പല തവണ മദ്യവില്പനയ്ക്ക് അറസ്റ്റിലായിട്ടുണ്ട്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ വി അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ തേമ്പാമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
നിസാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നവാസിന്‍റെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഒളിപ്പിച്ചിരുന്ന 24 കുപ്പി മദ്യം പിടിച്ചെടുത്തത്.ഈ കേസിൽ നവാസിനെ രണ്ടാം പ്രതിയായി കേസെടുത്തതായും ഉടൻ പിടികൂടുമെന്നും നെടുമങ്ങാട് എക്സൈസ് അറിയിച്ചു. പ്രദേശത്ത് അനധികൃതമദ്യവിൽപ്പന സജീവമായിരുന്നെന്നും വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ മഹേഷ് , നജിമുദീൻ, പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.