പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്പനി: അകത്ത് ഹാൻസ് നിർമാണം; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

By Web TeamFirst Published Nov 13, 2021, 12:17 AM IST
Highlights

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. 

മലപ്പുറം: പുറത്തുള്ളവരോട് ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് (Police) പിടികൂടി. കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് (Pan masala) നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. 

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ  കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രതീപ്  അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ എസ് സെന്ററൽ സ്‌ക്കൂളിനു സമീപത്തെ റബ്ബർ തോട്ടത്തിനു നടുവിലെ വാടകക്കെടുത്ത  ഇരുനില വീട്ടിലാണ് ഫാക്ടറിയാണ് പ്രവർത്തിച്ചിരുന്നത്. 

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. അഞ്ച് മാസത്തോളമായി രാപകലില്ലാതെയാണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുകയില ഉൽപന്നങ്ങളും മറ്റും ഇവിടെ എത്തിച്ചശേഷം സംയോജിപ്പിച്ച് ഹാൻസിന്റെ പ്രിന്റ് ചെയ്ത റാപ്പറുകളിലാക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടന്നിരുന്നത്.

ബാംഗ്ലൂരിൽ നിന്നും ഉണക്ക മത്സ്യവും മറ്റും കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നാണ്  പാക്കിംങ് സാമഗ്രികൾ എത്തിച്ചത്. രാത്രിയിൽ ഫാക്ടറിയിൽ എത്തുന്ന സംഘം ആഢംഭര വാഹനങ്ങളിലാണ്  വിവിധ ഭാഗങ്ങളിലേക്ക് പാക്ക് ചെയ്ത ഉത്്പന്നങ്ങൾ കടത്തികൊണ്ടു പോയിരുന്നത്. ചെന്നൈ, പെരുമ്പാവൂര്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും സാധനം മൊത്ത വിതരണത്തിന് എത്തിച്ചിരുന്നത്. 

ഇവിടെ  ബീഡി നിർമ്മാണമെന്നാണ്  പ്രതികൾ  നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പോലീസ് കേന്ദ്രത്തിലെത്തിയപ്പോഴും ഫാക്ടറി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് ഇത്തരം ഒരു നിർമ്മാണ കേന്ദ്രം ആദ്യമായാണ് പിടികൂടുന്നതെന്ന് അന്വേഷണ ഉദ്വോഗസ്ഥർ പറഞ്ഞു.   പിടികൂടിയ ഹംസക്ക് പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിന് കേസുണ്ട്.

click me!