കടലുണ്ടി പഞ്ചായത്തില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published May 16, 2019, 10:14 PM IST
Highlights

അനര്‍ഹമായി  കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ അവ  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം പിഴയീടാക്കും

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി കടലുണ്ടി പഞ്ചായത്തിലെ, കടലുണ്ടി, മണ്ണൂര്‍, കടുക്കബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ നടത്തിയ റെയ്ഡില്‍ അനര്‍ഹമായി കൈവശം വെച്ച 15 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.  

റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മുരളീധരന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടറായ എ. വി രമേഷ് കുമാര്‍, ജീവനക്കാരായ പി. കെ മൊയ്തീന്‍ കോയ, സന്തോഷ് കുമാര്‍  എന്നിവര്‍ പങ്കെടുത്തു.  പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കും.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍  അവ  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കി കാര്‍ഡുകള്‍ റദ്ദു ചെയ്യും. 

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരുമെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

click me!