48 മണിക്കൂർ ഡോക്യുമെന്‍ററി: ഗിന്നസ് റെക്കോഡിന്‍റെ നിറവിൽ ബ്ലെസി

By Web TeamFirst Published May 16, 2019, 10:01 PM IST
Highlights

വലിയ മെത്രാപ്പൊലീത്തയുടെ ചുറ്റുമുള്ള മനുഷ്യരുമായുള്ള സംവാദം, കാലാതീതമായ ചിന്തകൾ, അങ്ങനെ ഒരു മനുഷ്യായുസ്സിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്താമോ അതാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം.

കൊച്ചി: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകൻ ബ്ലെസിയുടെ ഡോക്യുമെന്‍ററിക്ക് ഗിന്നസ് അംഗീകാരം. ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്‍ററി വിഭാഗത്തിലാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ ഡോക്യുമെന്‍ററി പുരസ്കാരത്തിന് അർഹമായത്.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ജീവിതം അടയാളപ്പെടുത്തിയ 48 മണിക്കൂർ പത്ത് മിനിറ്റാണ് സംവിധായകൻ ബ്ലെസിയെ ലോകറെക്കോർഡിലേക്ക് ഉയർത്തിയത്. വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം വെറുതെ പറഞ്ഞുപോകുകയല്ല, അദ്ദേഹത്തിന്‍റെ ആശയങ്ങൾ, ചുറ്റുമുള്ള മനുഷ്യരുമായുള്ള സംവാദം, കാലാതീതമായ ചിന്തകൾ, അങ്ങനെ ഒരു മനുഷ്യായുസ്സിനെ എങ്ങനെയൊക്കെ അടയാളപ്പെടുത്താമോ അതാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം.

ജീവിച്ചിരിക്കുന്ന ഇതിഹാസത്തെക്കുറിച്ച് ഡോക്യുമെന്‍ററിയുണ്ടാക്കാൻ ചെലവിട്ട നാല് വർഷത്തെക്കുറിച്ചും അദ്ദേഹവുമൊത്ത് നടത്തിയ യാത്രകളെക്കുറിച്ചും പറയുമ്പോൾ സംവിധായകന് നൂറ് നാവാണ്. ഗിന്നസ് റെക്കോഡിലെത്തിയതിൽ സന്തോഷമാണെന്നും എന്നാലും ചെലവാക്കിയ പൈസയൊക്കെ എങ്ങനെ തിരിച്ചുകിട്ടുമെന്ന് വലിയ മെത്രാപ്പൊലീത്ത ചോദിച്ചതിനെക്കുറിച്ച് പറയുമ്പോൾ ബ്ലെസിയുടെ മുഖത്ത് ഗിന്നസിനപ്പുറം, മെത്രാപ്പൊലീത്തക്കൊപ്പം ചെലവിട്ട സമയങ്ങളെക്കുറിച്ചോർത്തുള്ള സന്തോഷമാണ് നിറയുന്നത്.

click me!