
തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം സിറ്റിയിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജില്ലയിലാകെ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഇന്നും ശക്തമായ മഴ ലഭിച്ചാൽ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിച്ച് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്.
അതേസമയം ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇന്ന് (08.06.2026) രാവിലെ 8 മണിക്ക് അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പടെ, ആകെ 80 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam