
കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25ന് വൈകുന്നേരം ഐമുറി ഭാഗത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തി, അനൂപ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ എത്തിയത്. കടയിലെ രേഖകളിൽ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴ അടയ്ക്കേണ്ടി വരുമെന്നും ഇവർ വ്യാപാരിയെ ഭീഷണിപ്പെടുത്തി. ആയിരം രൂപ നൽകിയില്ലെങ്കിൽ ഫൈൻ അടപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
സാധാരണ ഗതിയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ ഇത്രയും ചെറിയ തുക കൈക്കൂലിയായി ചോദിക്കുമോ എന്ന വ്യാപാരിയുടെ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ ആൾമാറാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിനു മുൻപും ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇൻസ്പെക്ടർ എ.എസ് സരിൻ, എസ്.ഐ സി.എ സാജു, എ.എസ്.ഐമാരായ പി.ജെ സിജോ, മനോജ് സി.പി.ഒ നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam