
ആലപ്പുഴ: അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് നിസാരമായി പരിക്കേറ്റു. അപകടത്തിൽ (Accident) വൻ ദുരന്തം ഒഴിവായി. ദേശീയപാതയിൽ (National Highway) കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശം വൈകീട്ട് ആറോടെയായിരുന്നു അപകടം. കൊച്ചിയിൽ (Kochi) നിന്ന് ഡീസലുമായി മംഗലപുരത്തേക്ക് പോയ മിനി ടാങ്കർ ലോറിയിൽ എതിരെ ഒരു കാറിനെ മറികടന്നു വന്ന മറ്റൊരു കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻവശത്തെ ടയർ പഞ്ചറായി. ടാങ്കർ ലോറിയിലിടിച്ച കാറിൻ്റെ പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. കാറിൻ്റെ ടാങ്ക് പൊട്ടി ഓയിൽ റോഡിൽ വീണത് ആശങ്കക്കിടയാക്കി. ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ ചോർന്നുവെന്ന സംശയവും പരിഭ്രാന്തി പരത്തി. എന്നാൽ പരിശോധനയിൽ ഡീസൽ ടാങ്ക് ചോർന്നിട്ടില്ലെന്ന് കണ്ടെത്തി. ടയർ പഞ്ചറായതിനാൽ ലോറി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇനി മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം പകർത്തിയ ശേഷമേ ലോറി നീക്കം ചെയ്യാൻ കഴിയൂ. ആലപ്പുഴ, ഹരിപ്പാട്, തകഴി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് റോഡിൽ വീണ ഓയിൽ നീക്കം ചെയ്തത് .നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റ കാർ യാത്രക്കാരായ കോഴഞ്ചേരി കിങ്ങിണി മറ്റം കുന്നിപ്പുഴക്കാട് വീട്ടിൽ തോമസിൻ്റെ മകൻ മാത്യൂസ് (42), തൃശൂർ കട്ടിക്കോണം മുടിക്കോത്ത് കോഴിയാട് വീട്ടിൽ മാത്യം.കെ.വർഗീസ് (59), തൃശൂർ കുന്നേൽ പൗലോസ് (43) എന്നിവരെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam