മണ്ഡലകാലത്ത് നിലയ്ക്കലില്‍ കുടിവെള്ളം മുട്ടുമെന്ന് ജല അതോറിറ്റി

By Web TeamFirst Published Nov 12, 2018, 6:35 PM IST
Highlights

മണ്ഡലകാലത്തേയ്ക്കുള്ള കുടിവെള്ളം എവിടെ നിന്ന് കൊണ്ടുവരുമെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് ജല അതോറിറ്റിയും ദേവസ്വംബോർഡും. വിതരണത്തിനുള്ള സാമഗ്രികൾ സന്നിധാനത്തും നിലയ്ക്കലും തയ്യാറായിക്കഴിഞ്ഞു.

നിലയ്ക്കല്‍: മണ്ഡലകാലത്തേയ്ക്ക് ശബരിമലയിലേക്കുള്ള കുടിവെള്ളം എവിടെ നിന്ന് കൊണ്ടുവരുമെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് ജല അതോറിറ്റിയും ദേവസ്വംബോർഡും. വിതരണത്തിനുള്ള സാമഗ്രികൾ സന്നിധാനത്തും നിലയ്ക്കലും തയ്യാറായിക്കഴിഞ്ഞു. 

നിലയ്ക്കലിന് സമീപമുള്ള നാല് കുളങ്ങളും ഇത് വരെയും ശുചീകരിച്ചിട്ടില്ല. അത് ചെയ്തിരുന്നെങ്കിൽ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാമായിരുന്നു. മണ്ഡലക്കാലത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, ഇന്നും അസൗകര്യങ്ങളുടെ നടുവിലാണ് പമ്പയും ഇടത്താവളങ്ങളും. നിലയ്ക്കലില്‍ തന്നെ പ്രതിദിനം വേണ്ടത് 75 ലക്ഷം ലിറ്റര്‍ വെള്ളമാണ്. പമ്പാ നദിയില്‍ ഇപ്പോൾത്തന്നെ വെള്ളമില്ല. പ്രളയത്തില്‍ തകര്‍ന്ന ടാങ്കും പൈപ്പുകളും ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. 

കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന വലിയ ടാങ്കുകളും പൈപ്പുകളും ഇപ്പോഴും നിലയ്ക്കലില്‍ കാണാം. മണ്ഡല കാലത്തിന് നാല് ദിവസം മുമ്പത്തെ കാഴ്ചയാണിത്. ഒന്നും പുനഃസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ സീതത്തോട്, ആങ്ങമൂഴി എന്നിടവിടങ്ങളില്‍ നിന്നാണ് ഇവിടെയ്ക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ നിലയ്ക്കല്‍ ബേസ് ക്യാമ്പാകുന്ന സാഹചര്യത്തില്‍ പ്രതിദിനം 75 ലക്ഷം ലിറ്റര്‍ വെള്ളം  വേണമെന്നാണ് കണക്ക്. അധികം വേണ്ട വെള്ളം പമ്പയില്‍ നിന്നെടുക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ആധുനിക ശുചീകരണ പ്ലാന്‍റടക്കമുണ്ടെങ്കിലും ശുദ്ധജലം കിട്ടാനില്ല. 

click me!