കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; നടപടി സസ്പെൻഷനിൽ ഒതുങ്ങി, ബന്ധുക്കൾ രം​ഗത്ത്

By Web TeamFirst Published Sep 26, 2022, 7:45 AM IST
Highlights

ഫെബ്രുവരി 7 ന് കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ ഉണ്ടായ അപകടത്തിൽ കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.KSRTCഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പാലക്കാട് : പാലക്കാട് കുഴൽമന്ദത്ത് കെ എസ് ആർ ടി സി  ബസിടിച്ച് 2 യുവാക്കൾ മരിച്ചത് ഡ്രൈവർ മനഃപൂർവം ഉണ്ടാക്കിയ അപകടം മൂലമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ ഗതാഗത വകുപ്പ്. ഡ്രൈവർ കുറ്റക്കാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ സർവീസിൽ നിന്ന് പുറത്താക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പായില്ല. കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മരിച്ച യുവാക്കളുടെ കുടുംബങ്ങൾ രംഗത്തെത്തി

ഫെബ്രുവരി 7 ന് കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ ഉണ്ടായ അപകടത്തിൽ കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.KSRTCഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചുവെന്നാണ്  കുറ്റപത്രത്തിലുള്ളത്. ഔസേപ്പിനെതിരെ മനപൂർവ്വമായ നരഹത്യയ്ക്കാണ് കേസ് എടുത്തിരുന്നത്. കുറ്റപത്രം സമർപ്പിച്ച് 4 മാസമായിട്ടും യുവാക്കളുടെ കുടുംബത്തിന് ഗതാഗത മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇപ്പോൾ സസ്പെൻഷനിലുള്ള ഡ്രൈവർ അടുത്ത ഫെബ്രുവരിയിൽ ജോലിയിൽ തിരികെ പ്രവേശിക്കും.

അപകടം നടന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ പാലക്കാട്ടെ ചില പൊലീസ് ഉദ്യോഗസ്ഥർ കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദം ചെലുത്തിയതായും പരാതിയുണ്ട്. ഡ്രൈവർക്കെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയാൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് യുവാക്കളുടെ കുടുംബത്തിൻ്റെ തീരുമാനം.

 

സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഹെൽമറ്റിന് തലക്കടിച്ചു, കെഎസ്ആർടിസി ഡ്രൈവറുടെ നെറ്റിയിൽ അഞ്ച് തുന്നൽ, അറസ്റ്റ്

click me!