വാസയോഗ്യമല്ലാത്ത സ്ഥലം നൽകി പറ്റിച്ച സംഭവം: റിപ്പോർട്ട് സമർപ്പിക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Sep 24, 2022, 7:13 PM IST
Highlights

വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്നാണ് പരാതി. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്  കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ്  കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതാണ് കർശന നിർദ്ദേശം നൽകുന്നതിലേക്ക് വഴിവെച്ചത്. ‌

കോഴിക്കോട്: പട്ടികവർഗ്ഗ വിഭാ​ഗത്തിൽപെട്ട വ്യക്തിയുടെ വീടും സ്ഥലവും കൈക്കലാക്കി കരിങ്കൽ ക്വാറി ഉടമകൾ  വാസയോ​ഗ്യമല്ലാത്ത സ്ഥലം പകരം നൽകിയ സംഭവത്തിൽ, ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടി. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ കർശനമായി ആവശ്യപ്പെട്ടു.

വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്നാണ് പരാതി. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്  കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ്  കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതാണ് കർശന നിർദ്ദേശം നൽകുന്നതിലേക്ക് വഴിവെച്ചത്. ‌ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 കാരശേരി പൈക്കാടൻ മല ചേലക്കര കോരൻ്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്. വനം, പട്ടികവർഗ്ഗ വകുപ്പുകളിൽ നിന്നും  ഇതേ വിഷയത്തിൽ കമ്മീഷൻ മുമ്പ് റിപ്പോർട്ട് വാങ്ങിയിരുന്നു.  മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു.  കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്.  2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽ തന്നെയാണ് ഇപ്പോഴുള്ളത്.  കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പൊലീസാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഒന്നരമാസമായിട്ടും റിപ്പോർട്ട്  സമർപ്പിച്ചില്ല.  

പാലക്കൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുയർന്നിരിക്കുന്നത്. കാരശേരി പഞ്ചായത്തിലെ പൈക്കാടൻമലയിൽ ഉണ്ടായിരുന്ന 2.16 ഏക്കർ സ്ഥലമാണ് കോരനിൽ നിന്നും ക്വാറിക്കാർ കൈവശപ്പെടുത്തിയത്.   കോരന് നീതി കിട്ടിയില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വീണ്ടും ഇടപെട്ടത്.

Read Also: പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സംസ്ഥാനത്ത് രജിസ്റ്റ‍ർ ചെയ്തത് 281 കേസ്, 1013 പേർ അറസ്റ്റിൽ

click me!