
തൃശൂര്‍: തളിക്കുളം കടലില്‍ കുളിക്കുകയായിരുന്ന വിദ്യാര്‍ഥി തിരമാലയില്‍പ്പെട്ട് മരിക്കാനിടയാവുകയും രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരന്‍ കടലിലിട്ട് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി. കഴിഞ്ഞ 18ന് തളിക്കുളം തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ കുളിച്ചിരുന്ന തൃത്തല്ലൂര്‍ കമല നെഹ്‌റു സ്‌കൂള്‍ വിദ്യാര്‍ഥി നാദിര്‍ഷയാണ് തിരയില്‍പ്പെട്ട് മരിച്ചത്. ഈ കുട്ടിയോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരനും ഇതേ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അബ്ദുള്‍ റഹ്മാനെയാണ് നാട്ടുകാരന്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അബ്ദുള്‍ റഹ്മാന്റെ പിതാവ് തളിക്കുളം ത്രിവേണി പുതിയവീട്ടില്‍ കാജാ മൊയ്തീനാണ് ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അബ്ദുള്‍ റഹ്മാനെ കഴുത്തിന് പിടിച്ച് കടലില്‍ പലതവണ മുക്കിപ്പിടിച്ചു. ശരീരമാസകലം കൈ കൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തിട്ടുണ്ടെന്നും തുടര്‍ന്ന്മകന്റെ ബോധം പോവുകയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃത്തല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും അവിടെനിന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും കൊണ്ടുപോയി. മകന്റെ നില വളരെ മോശമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
മര്‍ദ്ദിക്കാതെ അയാള്‍ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. മകനെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മകനും അവിടെ ഉണ്ടായിരുന്നവര്‍ക്കും കൂടി മകന്റെ സ്‌നേഹിതന്‍ നാദിര്‍ഷായെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam