
തിരുവല്ല: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രസകരമായ നിരവധി സംഭവങ്ങളാണ് ചുറ്റും. അങ്ങനെയൊന്നാണ് തിരുവല്ലയിൽ നിന്ന് പുറത്തുവരുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായ അജു അലക്സ് ഒറ്റക്ക് വോട്ടഭ്യർഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെകുത്താൻ എന്ന പേരിൽ അറിയപ്പെചടുന്ന യൂട്യൂബറാണ് അജു അലക്സ്. കെ.എസ്.ആർ.സി ബസ് സ്റ്റാൻഡിൽ ഒറ്റക്കെത്തിയാണ് സ്ഥാനാർഥി വോട്ട് ചോദിക്കുന്നത്. തന്നെ തെരഞ്ഞെടുത്താൽ തിരുവല്ലയിൽ മാറ്റം കൊണ്ടുവരുമെന്നും അജു അലക്സ് പറയുന്നു. സിനിമാ താരങ്ങൾ അടക്കം പ്രമുഖ വ്യക്തികൾക്കെതിരെ മോശം പരാമർശം നടത്തി പൊലീസ് കേസ് അടക്കം നേരിട്ട വ്യക്തിയാണ് അജു അലക്സ്.
തിരുവല്ല മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മത്സരമെന്നാണ് അജു അലക്സ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് മുൻഗണന. തകർന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിലവാരം ഉയർത്തൽ, കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും അജു പറയുന്നു. നിലവിലെ എംഎൽഎ മാത്യു ടി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി വർഗീസ് മാമ്മനും എൻഡിഎ സ്ഥാനാർഥിയായി അനൂപ് ആന്റണിയും ജനവിധി തേടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam