സ്വാതന്ത്ര്യ സമര സേനാനികളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൈറ്റിൽ ചേർക്കണം, വിവരാവകാശ നിയമപ്രകാരം നൽകണം; കളക്ടർമാർക്ക് വിവരാവകാശ കമ്മിഷണറുടെ നിർദ്ദേശം

Published : Jun 27, 2025, 07:24 PM ISTUpdated : Jun 27, 2025, 08:44 PM IST
Right to Information Commissioner Dr. A Abdul Hakeem

Synopsis

സ്വാതന്ത്ര്യസമരഭടന്മാരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനും നിർദ്ദേശം

മലപ്പുറം: സ്വതന്ത്ര സമര ഭടന്മാരെ കുറിച്ച് ഫയൽ ശേഖരത്തിലുള്ള വിവരങ്ങൾ നശിച്ചു പോകാതിരിക്കാൻ തദ്ദേശ - റവന്യൂ വകുപ്പുകൾ അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു. സ്വതന്ത്ര സമര ഭടന്മാർ പങ്കെടുത്ത പ്രക്ഷോഭങ്ങൾ, അനുഭവിച്ച ശിക്ഷാ വിവരങ്ങൾ, ജയിൽവാസം തുടങ്ങിയ കാര്യങ്ങൾ പട്ടികയിലാക്കി നൂതന സങ്കേതങ്ങളുടെ സഹായത്തിൽ സൂക്ഷിക്കണം. അവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്നവർക്ക് പ്രയാസരഹിതമായി നൽകാൻ പാകത്തിൽ സൂക്ഷിക്കണം. തിരൂരങ്ങാടി ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല വിവരാവകാശ കമ്മിഷൻ സിറ്റിംഗിൽ സംസാരിക്കവെയാണ് വിവരാവകാശ കമ്മിഷണർ ഇക്കാര്യങ്ങൾ പറ‌ഞ്ഞത്.

സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വിവരാവകാശ നിയമം വകുപ്പ് നാലിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സമര സേനാനികളുടെ വിവരങ്ങൾ ജില്ലാ കളക്ടർമാർ സ്വമേധയാ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഡോ. എ അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു. സ്വാതന്ത്ര്യ സമര ഭടന്മാരായിരുന്ന അയിലക്കര കുഞ്ഞാമ്മു മുസ്‌ലിയാർ, സഹോദരൻ സൈതലവി എന്നിവരുടെ വിവരങ്ങൾ റവന്യു - പഞ്ചായത്ത് രേഖകളിൽ നിന്നും അവർ കഠിന തടവ് അനുഭവിച്ചു എന്ന് പറയപ്പെടുന്ന ബെല്ലാരി ജയിലിൽ നിന്നും ശേഖരിച്ച് മലപ്പുറം കളക്ടറേറ്റിൽ സൂക്ഷിക്കുകയും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒരു മാസത്തിനകം ഹർജിക്കാരനായ ഗവേഷണ വിദ്യാർത്ഥി നബീൽ അബ്ദുൽ ബഷീറിന് നൽകുകയും വേണമെന്ന് ഉത്തരവായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അറിയിച്ചു. വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീൽ അധികാരികൾ ഹിയറിങിന് വിളിക്കാൻ പാടില്ല. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ആദ്യ ദിവസം തന്നെ നടപടി ആരംഭിച്ചിരിക്കണം. 48 മണിക്കൂറിനകം നൽകേണ്ട വിവരങ്ങളല്ലെങ്കിൽ അഞ്ച് ദിവസത്തിനകം പണമടയ്ക്കാൻ അറിയിപ്പ് നൽകണമെന്നും വിവരാവകാശ കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ

തിരുരങ്ങാടി നഗരത്തിൽ വടക്കേ മമ്പുറം, ശാന്തി നഗർ, കാഞ്ഞിരത്തോട് എന്നി പ്രദേശങ്ങളിലെ 500 വീടുകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് പന്താരങ്ങാടി സ്വദേശിയുടെ പരാതിയിൽ 2013 ജനുവരിയിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കാലികമാക്കിയ ആസ്തി രജിസ്റ്ററിന്റെ പകർപ്പ് ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷണർ നിർദേശിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്ത മലപ്പുറം ജില്ലാ പോലീസ് അതിനായി അവലംബിച്ച രേഖകളുടെ പകർപ്പ് 14 ദിവസത്തിനകം അപേക്ഷകന് ലഭ്യമാക്കണം. മഞ്ചേരി വിദ്യാഭ്യാസ ഓഫീസിലെ പൊതു പരാതികൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴത്തെ വിവരാധികാരി ജൂലൈ എട്ടിനകം നൽകണം. കൊണ്ടോട്ടി എ ഇ ഒ ഓഫീസിൽ ഹംസ കെ പി സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കി.

അഞ്ച് കേസുകളിൽ എതിർകക്ഷിയായി പങ്കെടുക്കേണ്ടിയിരുന്ന മഞ്ചേരി എ ഇ ഒ വിട്ടുനിന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നേരിട്ടെത്തി കമ്മീഷനെ നേരിൽ കാണാൻ ഉത്തരവായി. പരിഗണിച്ച 27 പരാതികളും തീർപ്പാക്കി.

 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ