
ഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ നടക്കുന്ന പുലിമുട്ട് നിർമാണത്തിനായി നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ലോറി പിടികൂടി. ആലപ്പുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് ആർ ടിഒആർ രമണന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് തൃക്കുന്നപ്പുഴ പതിയാങ്കരയിൽ വെച്ച് ടെട്രാപോഡ് വഹിച്ചു കൊണ്ടുവന്ന പത്ത് ചക്രമുള്ള ലോറി എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി ബി ചന്തു, എ വരുൺ എന്നിവർ പിടികൂടിയത്.
പുലിമുട്ടിന്റെ കരാർ ഏറ്റെടുത്തിട്ടുള്ള തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് വാഹനം. ഫിറ്റ്നസ് പുതുക്കാത്തതടക്കം നിരവധി നിയമലം ലംഘനങ്ങൾ കണ്ടെത്തി. വണ്ടി ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസും ഇല്ലായിരുന്നു. വിശദീകരണം നൽകുന്നതിനായി കമ്പനി അധികൃതരോട് ഹാജരാകാൻ അറിയിച്ചു. നിയമ ലംഘനത്തിന് 17000 രൂപ പിഴയിട്ടു.
രേഖകൾ ശരിപ്പെടുത്താതെ വാഹനം നിർത്തിലിറക്കരുതെന്ന് നിർദേശം നൽകി. മൂന്ന് വർഷത്തിലേറെയായി പ്രദേശത്ത് പുലിമുട്ട് നിർമാണം നടന്നു വരികയാണ്. ലോറികളും ഭാരം വഹിക്കുന്ന മറ്റ് നിരവധി വാഹനങ്ങളുമാണ് നിർമാണത്തിൻ്റെ ഭാഗമായി തിരക്ക് ഏറെയുള്ളതും വീതി കുറഞ്ഞതുമായ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്.
പരിചയ സമ്പന്നരല്ലാത്തവരാണ് വലിയ ഭാരം വഹിക്കുന്ന ലോറികൾ ഓടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് മാസം മുമ്പ് കരാറുകാരുടെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു. പണം നൽകി കേസ് ഒത്തുതീർക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് കാര്യമായി പരിശോധന നടത്താതിരുന്നതാണ് നിയമ ലംഘനം വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
മാസങ്ങൾക്ക് മുമ്പ് ട്രാഫിക് എൻഫോഴ്സ്മെൻ്റ് അമ്പലപ്പുഴ ഭാഗത്തുവെച്ച് പുലിമുട്ട് നിർമാണക്കാരുടെ ലോറി പിടികൂടി പിഴ ഈടാക്കിയിരുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശത്ത് പാലിമുട്ട് നിർമാണത്തിനായി ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളും ഹാജരാക്കാൻ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam